ആനന്ദഗീതം പോലെ ആ 85 രൂപ സഹായം

Sunday 28 January 2018 10:09 pm IST
ഏഴുകുഞ്ഞുങ്ങളെ ആവും പോലെ വളര്‍ത്തി ആ അമ്മ. മക്കള്‍ പഠിച്ചു. നാലാമന്‍ ഗീതാനന്ദന് അച്ഛന്റെ വഴിയിലായി കമ്പം. തുള്ളല്‍ പഠിക്കണം. അമ്മ പിന്തിരിപ്പിക്കാന്‍ നോക്കി. വഴങ്ങിയില്ല. ഇതിനിടെ അച്ഛന്‍ നമ്പീശന്‍ മടങ്ങി വന്നു. മകനെ പിന്തിരിപ്പിക്കാന്‍ നോക്കി. വഴങ്ങില്ലെന്നു കണ്ടപ്പോള്‍ കലാമണ്ഡലത്തില്‍ചേര്‍ത്ത് പഠിപ്പിക്കാന്‍ നിശ്ചയിച്ചു.

കൊച്ചി: മഠത്തില്‍ പുഷ്പകം കേശവന്‍ നമ്പീശന്റെ രണ്ടുമക്കളില്‍ ഒരുവനായിരുന്നു കലാമണ്ഡലം ഗീതാനന്ദന്‍. ലോകപ്രസിദ്ധ കഥകളിവിദ്വാന്‍ കലാമണ്ഡലം ഗോപിയാശാന്റെ സഹപാഠിയായിരുന്ന് കേശവന്‍ നമ്പീശന്‍. തുള്ളല്‍ പഠിച്ചു. വിദഗ്ദ്ധനായി. പക്ഷേ, ജീവിക്കാന്‍ വകയില്ലാതായപ്പോള്‍ ഒരു ദിവസം നാടുവിട്ടു- ഭാര്യ സാവിത്രി എന്ന ബ്രാഹ്മണിയമ്മയേയും ഏഴുമക്കളേയും ഉപേക്ഷിച്ച്. തൊഴില്‍ തേടിയെത്തിയത് അന്നത്തെ മദിരാശിയില്‍. 

ഏഴുകുഞ്ഞുങ്ങളെ ആവും പോലെ വളര്‍ത്തി ആ അമ്മ. മക്കള്‍ പഠിച്ചു. നാലാമന്‍ ഗീതാനന്ദന് അച്ഛന്റെ വഴിയിലായി കമ്പം. തുള്ളല്‍ പഠിക്കണം. അമ്മ പിന്തിരിപ്പിക്കാന്‍ നോക്കി. വഴങ്ങിയില്ല. ഇതിനിടെ അച്ഛന്‍ നമ്പീശന്‍ മടങ്ങി വന്നു. മകനെ പിന്തിരിപ്പിക്കാന്‍ നോക്കി. വഴങ്ങില്ലെന്നു കണ്ടപ്പോള്‍ കലാമണ്ഡലത്തില്‍ചേര്‍ത്ത് പഠിപ്പിക്കാന്‍ നിശ്ചയിച്ചു.

അപ്പോള്‍ അടുത്ത പ്രശ്നം. ഫീസിനു കാശില്ല. ഒടുവില്‍ ആവശ്യം എഴുതിയ കത്തുമായി വീടുകള്‍തോറും സഹായത്തിനു നടന്നു. പലരും പരിഹസിച്ചു. ചിലര്‍ സഹായിച്ചു. അങ്ങനെ എത്തിപ്പെട്ട വീട്ടിലെ നാഥന്‍ കത്ത് വായിച്ച ശേഷം പറഞ്ഞു, ഈ കത്തുമായിനി ഒരു വീട്ടിലും പോകരുത്, ആരുടെയും സഹായം പഠിക്കാന്‍ ചോദിക്കരുത്, ഞാന്‍ തരും. അങ്ങനെ ചേരാന്‍ വേണ്ട 85 രൂപ മുതല്‍ പഠിച്ചിറങ്ങുംവരെ വേണ്ടിവന്ന മുഴുവന്‍ ചെലവും അദ്ദേഹം വഹിച്ചു. ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന മെട്രോ ശ്രീധരന്‍ എന്ന ഇ. ശ്രീധരനായിരുന്നു അത്. ഈ ചരിതം അവസരം കിട്ടുമ്പോളെല്ലാം ഗീതാനന്ദന്‍ പറഞ്ഞിരുന്നു. സഹായിക്കാനുള്ള മനസ്സിന്റെ തെളിവായി. നിശ്ചയിച്ചുറച്ചാല്‍ നേടാനുള്ളതു നേടാന്‍ സഹായം ആരില്‍നിന്നുമെത്തുമെന്നതിന് ഉദാഹരണമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.