പറമ്പിക്കുളം-ആളിയാര്‍ കരാര്‍ വഞ്ചനയെന്ന് വിലയിരുത്തല്‍

Monday 29 January 2018 2:30 am IST

പാലക്കാട്: കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാതെ കാലാകാലങ്ങളിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ പറമ്പിക്കുളം -ആളിയാര്‍ കരാറിന്റെ കാര്യത്തില്‍ വഞ്ചന കാണിച്ചതായി വിലയിരുത്തല്‍. ഭാരതപ്പുഴയെ വീണ്ടെടുക്കാനുള്ള കര്‍മ്മ പദ്ധതികളെക്കുറിച്ച് ആലോചിക്കാന്‍ വിളിച്ചു ചേര്‍ത്ത കൂട്ടായ്മയിലാണ് ഈ ദിശയിലുള്ള സംശയം ഉയര്‍ന്നത്.

ഭാരതപ്പുഴ പുനരുജ്ജീവന കൂട്ടായ്മയാണ്  പരിസ്ഥിതി പ്രവര്‍ത്തകരുടെയും പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച  മുന്‍ ഉന്നതോദ്യോഗസ്ഥരുടെയും ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചത്. പറമ്പിക്കുളം -ആളിയാര്‍ കരാര്‍ (പിഎപികരാര്‍) അനുസരിച്ച് കേരളത്തിന് അവകാശപ്പെട്ടത് വര്‍ഷത്തില്‍ 7.25 ടിഎംസി ജലം. കുറെ വര്‍ഷങ്ങളായി ഇതിന്റെ പേരിലുള്ള  വാദപ്രതിവാദങ്ങളും സമരങ്ങളുമാണ് നടക്കുന്നത്. ഈ വര്‍ഷം ഇനി കഷ്ടിച്ച് മൂന്ന് ടിഎംസി ജലം കൂടി തന്നാല്‍ തമിഴ്‌നാടിന്റെ ബാധ്യത കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ മുപ്പതു വര്‍ഷം കേരളത്തിനു കിട്ടുന്ന  വെള്ളത്തിന്റെ കണക്കുപരിശോധിച്ചാല്‍ 32ടിഎംസി യില്‍ നിന്ന് നാലു ടിഎംസിയിലേക്ക് ചുരുങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇക്കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. പിഎപി കരാര്‍ നിലവില്‍ വന്നതോടെ കീഴ്‌നദീതട അവകാശമെന്ന സുപ്രധാന അവകാശം ഇല്ലാതായി. സ്വാഭാവികമായി ഒഴുകിയെത്തേണ്ട 13.441 ടിഎംസി വെള്ളമാണ് കേരളത്തിന് ഒരോ വര്‍ഷവും നഷ്ടമാകുന്നതെന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ അഭിപ്രായപ്പെടുന്നു.

പിഎപികരാര്‍ പ്രകാരം കേരളത്തിന് അവകാശപ്പെട്ടത് 7.2 ടിഎംസി വെള്ളം മാത്രമാണെന്ന പ്രചരണമാണിപ്പോള്‍ നടക്കുന്നത്. കീഴ്‌നദീതട അവകാശം വകവെച്ചുകിട്ടിയിരുന്നെങ്കില്‍ വേനല്‍ക്കാലത്തും ചാലക്കുടിപ്പുഴ, ഭാരതപ്പുഴ നദീതടങ്ങള്‍  ജലസമൃദ്ധമാക്കി നിര്‍ത്താന്‍ കഴിയുമായിരുന്നു. കാവേരി നദീജല തര്‍ക്കത്തില്‍ ഈ അവകാശം കര്‍ണാടകയില്‍ നിന്ന് തമിഴ്‌നാട് പിടിച്ചുവാങ്ങിയിട്ടുണ്ട്. ഇതേ അവകാശം തമിഴ്‌നാട്ടില്‍ നിന്ന് ചോദിച്ചു വാങ്ങാന്‍ കേരളത്തിലെ ഭരണാധികാരികള്‍ക്കായിട്ടില്ല.

1992 മുതല്‍ നിയമിക്കപ്പെട്ട നിയമസഭാ സമിതികളെല്ലാം തമിഴ്‌നാട് നടത്തുന്ന കരാര്‍ ലംഘനങ്ങളെക്കുറിച്ച് കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. കേരള ഷോളയാറിലേക്കുള്ള വെള്ളം നല്‍കാത്തതും, ചാലക്കുടി -പെരിയാര്‍ -ഗായത്രി നദീതടങ്ങളിലേക്കൊഴുക്കേണ്ട വെള്ളം തമിഴ്‌നാട്ടിലെ കൃഷിക്ക് ഉപയോഗിക്കുന്നതും കരാര്‍ ലംഘനങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ലംഘനങ്ങളൊന്നും സര്‍ക്കാര്‍തല ചര്‍ച്ചയിലോ നിയമനടപടികളിലോ ഉപയോഗപ്പെടുത്താന്‍ കേരളത്തിനായില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

കരാര്‍ പുനരവലോകനം ചെയ്യേണ്ട സമയപരിധി കഴിഞ്ഞ് പതിനേഴു  വര്‍ഷമായിട്ടും കരാര്‍ ലംഘനങ്ങളെക്കുറിച്ചും, പുനരവലോകനങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കുന്നുമില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.