ബയോടോയ്‌ലെറ്റ് നിര്‍മ്മാണം; വിജിലന്‍സ് അന്വേഷണം നിലച്ചു

Monday 29 January 2018 2:30 am IST

ആലപ്പുഴ: ജലഗതാഗത വകുപ്പിലെ വിവിധ ജെട്ടികളിലെ ബയോടോയ്‌ലെറ്റ് നിര്‍മ്മാണത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളിലെ വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചു. വകുപ്പിന്റെ ഏഴു ജെട്ടികളിലാണ് ബയോടോയ്‌ലെറ്റ് നിര്‍മ്മിച്ചത്. എന്നാല്‍ ആറുമാസത്തിനകം ടോയ്‌ലെറ്റുകള്‍ ഉപയോഗശൂന്യമാകുകയായിരുന്നു.

യാത്രക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തത്. 2016 ഏപ്രില്‍, മെയ് മാസങ്ങളില്‍ വിജിലന്‍സിന്റെ തിരുവനന്തപുരം സ്‌പെഷ്യല്‍ യൂണിറ്റ് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുത്തു. പ്രാഥമികാന്വേഷണത്തില്‍ത്തന്നെ അഴിമതി നടന്നതായി ബോദ്ധ്യപ്പെട്ടു. എന്നാല്‍ രണ്ടു വര്‍ഷമായിട്ടും തുടര്‍ നടപടിയുണ്ടാകുന്നില്ല. ഉന്നത തല ഇടപെടലുകളെ തുടര്‍ന്നാണ് അന്വേഷണം അട്ടിമറിച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്. 

 2013 മെയ് എട്ടിലെ ഉത്തരവ് പ്രകാരം ഏഴു ബയോടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കുന്നതിന് 22 ലക്ഷം രൂപയാണ് അനുവദിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിക്കുന്നതിനും മറ്റു മേല്‍നോട്ടങ്ങള്‍ക്കുമായി പോര്‍ട്ട് ചീഫ് എന്‍ജനീയര്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വയോന്‍മെന്റല്‍ എന്‍ജിനീയര്‍, ജലഗതാഗതവകുപ്പ് മെക്കാനിക്കല്‍ എന്‍ജിനീയര്‍,  ട്രാഫിക് സൂപ്രണ്ട് എന്നിവരെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ പോലും അറിയാതെ കോഴിക്കോട്ടെ ഒരു സ്ഥാപനത്തിന് നിര്‍മ്മാണ കരാര്‍ നല്‍കുകയായിരുന്നുവെന്നാണ് ആക്ഷേപം. 

  നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ബോധ്യപ്പെടാതെ മുഴുവന്‍ പണവും കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് നല്‍കുകയും ചെയ്തു. ഒരു ടോയ്‌ലെറ്റിന് 3.14 ലക്ഷം രൂപ വീതം 21,98,000 രൂപയാണ് നല്‍കിയത്. നിലവില്‍ നിര്‍മ്മിച്ച രീതിയിലുള്ള ഒരു ടോയ്‌ലെറ്റിന് പരമാവധി ഒരു ലക്ഷം രൂപ മാത്രമെ ചെലവ് വരികയുള്ളുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. 

 റെസ്‌ക്യൂ ബോട്ട് നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയതിലും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കരാര്‍ നല്‍കിയ ശേഷം പലതവണ കരാര്‍ തുക വര്‍ധിപ്പിച്ച് നല്‍കി. 2017 മാര്‍ച്ചില്‍ അഞ്ചു ബോട്ടുകള്‍ നിര്‍മ്മിക്കുന്നതിന് 3.10 കോടിയുടെ അനുമതിയാണ് നല്‍കിയത്. ഇതു വരെ ബോട്ടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടില്ല. എന്നാല്‍ പകുതിയോളം രൂപ കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് നല്‍കി കഴിഞ്ഞു. കഴിഞ്ഞ ദിവസം ഒരു ബോട്ട് നിര്‍മ്മിച്ച് നല്‍കിയെങ്കിലും പരീക്ഷണ ഓട്ടത്തില്‍ തന്നെ പരാജയപ്പെടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.