മൂന്നാര്‍ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു

Sunday 28 January 2018 11:09 pm IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കണ്ടിന്യുയിങ് എഡ്യൂക്കേഷന്‍ കേരളയുടെ നിയന്ത്രണത്തിലുള്ള മൂന്നാര്‍ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി രമേശിനെ  സസ്പെന്‍ഡ് ചെയ്തു. തന്റെ സുഹൃത്തായ ഇതേ കോളേജിലെ അദ്ധ്യാപകന് ചട്ടങ്ങള്‍ ലംഘിച്ച് ഡെപ്യൂട്ടഷന്‍ കാലാവധി പുതുക്കി നല്‍കാന്‍ ശുപാര്‍ശ ചെയ്തതിനാണ് നടപടി.

ഡെപ്യുട്ടഷന്‍ വ്യവസ്ഥയില്‍ അഞ്ച് വര്‍ഷമായി ശാസ്ത്ര വിദ്യാഭ്യാസ കൗണ്‍സില്‍ ഡയറക്ടര്‍ സ്ഥാനത്തു തുടരുന്ന സുഹൃത്തിന് തല്‍സ്ഥാനത്തു തുടരാനുള്ള എതിര്‍പ്പില്ലാ രേഖ നല്‍കാനുള്ള നടപടികള്‍ക്കായി  സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചു.  ഈ രേഖയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശുപാര്‍ശക്ക് കാത്തുനില്‍ക്കാതെ ശാസ്ത്ര വിദ്യാഭ്യാസ കൗണ്‍സില്‍ അദേഹത്തിന്റെ കാലാവധി നീട്ടി നല്‍കി. ഇത് ശ്രദ്ധയില്‍ പെട്ട സര്‍ക്കാര്‍ പ്രിന്‍സിപ്പലിനെ സസ്പെന്റ് ചെയ്യാന്‍  നിര്‍ദ്ദേശിക്കുകയായിരുന്നു.

 അഞ്ച് വര്‍ഷമായി ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്ന അദ്ദേഹം  ഇക്കാലയാളവിലൊന്നും സംസ്ഥാന സര്‍ക്കാര്‍ അനുമതി വാങ്ങിയിരുന്നില്ല. സസ്‌പെന്‍ഷനിലായ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള കോളേജിലെ മുതിര്‍ന്ന അധ്യാപകര്‍ സംസ്ഥാനത്തിന് പുറത്തുള്ള എന്‍ജിനീയറിങ് കോളേജുകളുടെ പരിശോധനക്കായി അനുമതി വാങ്ങാതെ യാത്രകള്‍ നടത്തിയതിനെക്കുറിച്ചള്ള അന്വേഷണവും  നടന്നുവരികയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.