അക്ഷയാസെന്ററുകള്‍ക്ക് സമാന്തരമായി ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍

Sunday 28 January 2018 11:10 pm IST

മാവേലിക്കര: അക്ഷയകേന്ദ്രങ്ങള്‍ക്ക് സമാന്തരമായി അംഗീകാരമില്ലാത്ത വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നു.  സര്‍ക്കാരിന്റെയോ ഐടി മിഷന്റെയോ നിയന്ത്രണമില്ലാതെ സര്‍ക്കാര്‍ മുദ്രയടക്കം ദുരുപയോഗം ചെയ്താണ് ഇവയുടെ പ്രവര്‍ത്തനം. ഇത്തരം ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അതീവ ജാഗ്രതാ പുലര്‍ത്തണമെന്നാവശ്യപ്പെട്ട് ഐടി മിഷന്‍ ഡയറകടര്‍ കത്ത് നല്‍കി.

ആധാര്‍, ഇ-ഡിസ്ട്രിക്റ്റ് തുടങ്ങിയ സേവനങ്ങള്‍ സര്‍ക്കാര്‍ അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മാത്രമെ നടത്താന്‍ പാടുള്ളുവെന്നു ഐടി മിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിക്ക സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ നല്‍കുന്നതിനുള്ള ആധികാരിക സംവിധാനം അക്ഷയ കേന്ദ്രങ്ങളില്‍ മാത്രമാണുള്ളത്. ഓരോ അക്ഷയ കേന്ദ്രത്തിനും പ്രത്യേകം നല്‍കിയ ലോഗിന്‍ ഐഡികള്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. 

അതുകൊണ്ടു തന്നെ ഓരോ അപേക്ഷയും ഏത് അക്ഷയ കേന്ദ്രം വഴിയാണു നല്‍കിയതെന്നും വേഗത്തില്‍ കണ്ടെത്താം. എന്നാല്‍ സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ പൊതു ലോഗിന്‍ വഴി സേവനങ്ങള്‍ ചെയ്യുന്നതിനാല്‍ നിരീക്ഷണം അസാധ്യമാകും. അക്ഷയ കേന്ദ്രങ്ങള്‍ക്കു സമാനമായ പേര്, ലോഗോ എന്നിവ ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും ഐടി മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാതാണ് അക്ഷയ കേന്ദ്രങ്ങളുടെ ആവശ്യം. 

സംസ്ഥാനത്ത് 2,814 അക്ഷയ കേന്ദ്രങ്ങള്‍ ഉണ്ട്. ചില അക്ഷയകേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍ സാക്ഷരതയില്ലാത്ത സാധാരണക്കാരില്‍ നിന്നു വിവിധ സേവനങ്ങള്‍ക്ക് കൂടുതല്‍ തുക വാങ്ങുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണു അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ മൗനാനുവാദത്തോടെ പ്രവര്‍ത്തിക്കുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിനു വിരുദ്ധവും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ചെലവേറിയതുമാക്കുന്നുവെന്നും ഐടി മിഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ദിനം പ്രതി ഡയറക്റ്റര്‍ക്ക് ലഭിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.