ഉനദ്ഘട് വിലയേറിയ ഇന്ത്യന്‍ താരം

Monday 29 January 2018 2:44 am IST

ബംഗ്‌ളൂരു: ജയദേവ് ഉനദ്ഘട് ഐപിഎല്‍ താരലേലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിലയേറിയ താരമായി. 11.5 കോടിക്കാണ് ഈ ബൗളറെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്്. പതിനൊന്ന് കോടി വീതം ലഭിച്ച കെ എല്‍ രാഹുലിനെയും മനീഷ് പാണ്ഡ്യയെയും മറികടന്നാണ് ഉനദ്ഘട് ഇന്ത്യയില്‍ നിന്നുള്ള വിലയേറിയ താരമായത്. 

രണ്ട് ദിവസമായി നടന്ന താര ലേലത്തില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്ക്‌സ് ഏറ്റവും വിലയേറിയ താരമായി. ആദ്യ ദിനത്തില്‍ 12.5 കോടിക്കാണ് ബെന്‍ സ്‌റ്റോക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്്.

ആദ്യ ദിനത്തില്‍ ടീമുകള്‍ കൈവിട്ട ക്രിസ് ഗെയിലിനെ അടിസ്ഥാന വിലയായ രണ്ട് കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.

അഫ്ഗാനിസ്ഥാന്റെ റഷിദ് ഖാനെ ഒമ്പത് കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങി. ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രു ടൈയെ 7.2 കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് കരസ്ഥമാക്കി. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ലയണ്‍സിനായി ഹാട്രിക്ക് നേടിയ താരമാണ് ടൈ.

നേപ്പാളിന്റെ ലെഗ് സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെ ചരിത്രം കുറിച്ചു. അടിസ്ഥാന വിലയായ 20 ലക്ഷത്തിന് ദല്‍ഹി ഡയര്‍ഡെവിള്‍ വാങ്ങിയതോടെ ഐപില്‍ താരലേലത്തില്‍ വില്‍ക്കപ്പെടുന്ന ആദ്യ നേപ്പാള്‍ താരമെന്ന റെക്കോഡ് സന്ദീപിന് സ്വന്തമായി. 

കേരളത്തിന്റെ സച്ചിന്‍ ബേബിയെ ഇരുപത് ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലേലത്തില്‍ പിടിച്ചു. മറ്റൊരു മലയാളിയായ കെ എം ആസിഫിനെ 40 ലക്ഷത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങി.

താരമായി മിഥുനും

 

കായംകുളം:   ആലപ്പുഴ ജില്ലയില്‍ നിന്നും ഐപിഎല്ലിലെത്തുന്ന ആദ്യ താരമായി എം.എസ്. മിഥുന്‍.  താരലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് മിഥുനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. പുല്ലുകുളങ്ങര സുകുമാര്‍ നിവാസില്‍ സുധീഷ്-സുധാമണി ദമ്പതികളുടെ മകനായ മിഥുന്‍ നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ്. 

2014 ല്‍ തിരുവനന്തപുരത്ത് നടന്ന ഓള്‍ ഇന്ത്യ സെലസ്റ്റിയല്‍ ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ബൗളര്‍ ഓഫ് ദ ടൂര്‍ണമെന്റായ തോടെ ശ്രദ്ധിക്കപ്പെട്ടു. അണ്ടര്‍ 23 ല്‍ തിരുവനന്തപുരത്ത് നടന്ന ജില്ലാ മത്സരത്തില്‍  മികച്ച പ്രകടനം കാഴ്ചവച്ചു.  ചെന്നൈയില്‍ ഡേവ് വാട്ട്‌മോറിന്റെ കീഴില്‍ ഫിസിക്കല്‍ ക്യാമ്പിലും പങ്കെടുത്തു. അണ്ടര്‍ 23 ക്യാമ്പില്‍ ഉള്ളപ്പോള്‍ തന്നെ സെയ്ദ് മുസ്താക്ക് അലി ടി ട്വന്റി ടൂര്‍ണമെന്റില്‍ കേരള സീനിയര്‍ ടീമില്‍ അംഗമായി.

ആന്ധ്ര, തമിഴ്‌നാട്, ഗോവ എന്നിവര്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവച്ചു.  അണ്ടര്‍ 23  മത്സരത്തില്‍ ചെന്നൈയില്‍ ആന്ധ്രയ്‌ക്കെതിരെ ഹാട്രിക്ക് ഉള്‍പ്പെടെ 15 വിക്കറ്റ് നേടി. തുടര്‍ന്ന് ഐപിഎല്‍ ട്രയല്‍സിലേക്ക് ക്ഷണിക്കപ്പെട്ടു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.