ചരിത്രമെഴുതി ഫെഡറര്‍

Monday 29 January 2018 2:45 am IST

മെല്‍ബണ്‍: മുപ്പത്തിയാറാം വയസ്സില്‍ ഇരുപതാം ഗ്രാന്‍ഡ്സ്ലാം കിരീടം നേടി സ്വിസിന്റെ റോജര്‍ ഫെഡറര്‍ മെല്‍ബണില്‍ ചരിത്രമെഴുതി. പ്രായത്തിലേറെ പിന്നില്‍ നില്‍ക്കുന്ന ക്രൊയേഷ്യന്‍ താരം മാരിന്‍ സിലിച്ചിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് നിലവിലെ ചാമ്പ്യനായ ഫെഡറര്‍ കിരീടം ശിരസിലേറ്റിയത്. ഇത് ആറാം തവണയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കരസ്ഥമാക്കുന്നത്.

ഇഞ്ചോടിച്ചുപോരാട്ടം അരങ്ങേറിയ കലാശക്കളിയില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഫെഡറര്‍ സിലിച്ചിനെ വീഴ്ത്തിയത്. സ്‌കോര്‍ 6-2,6-7 (5-7), 6-3,3-6,6-1. മത്സരം മൂന്ന് മണിക്കൂര്‍ മൂന്ന് മിനിറ്റ് നീണ്ടു.  ഇതോടെ ഫെഡറര്‍, മെല്‍ബണില്‍ ആറു തവണ ചാമ്പ്യന്മാരായ റോയ് എമേഴ്‌സണ്‍, നൊവാക്ക് ദ്യോക്കോവിച്ച് എന്നിവരുടെ റെക്കോഡിനൊപ്പം എത്തി. 

ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന താരമെന്ന ബഹുമതിയും ഫെഡറര്‍ക്ക് സ്വന്തമായി. പതിനാറ് ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ റാഫേല്‍ നദാലാണ്  ഈ പട്ടികയില്‍ ഫെഡര്‍ക്ക് തൊട്ടു പിന്നില്‍.

കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡന്‍ ഫൈനലുള്‍പ്പെടെ ഏറ്റുമുട്ടിയ ഒമ്പതു മത്സരങ്ങളില്‍ എട്ടെണ്ണത്തിലും ഫെഡറര്‍ മരിന്‍ സലിച്ചിനെ തോല്‍പ്പിച്ചിരുന്നു. ആറാം സീഡായ സിലിച്ച് കലാശക്കളിയില്‍ ശക്തമായി പൊരുതിയെങ്കിലും ഫെഡററുടെ പോരാട്ട വീര്യത്തിന് മുന്നില്‍ അടിയറവ് പറയേണ്ടിവന്നു.

ആദ്യ സെറ്റില്‍ ഫെഡറര്‍ അനായാസം ജയിച്ചുകയറി. എന്നാല്‍ രണ്ടാം സെറ്റില്‍ ഇരുവരും തകര്‍ത്തുകളിച്ചതോടെ സെറ്റ് ടൈബ്രേക്കറിലേക്ക് നീങ്ങി. ടൈബ്രേക്കറില്‍ 7-5 ന് സിലിച്ച് സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ തുടക്കം മുതല്‍ പൊരുതിക്കയറിയ ഫെഡറര്‍ 6-3 ന് വിജയിച്ചു. ഇതോ സ്‌കോറിന് നാലാം സെറ്റ് സിലിച്ച് പിടിച്ചതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീങ്ങി. നിര്‍ണായകമായ ഈ സെറ്റില്‍ പക്ഷെ സിലിച്ചിന് പിടിച്ചുനില്‍ക്കാനായില്ല. ഒരു പോയിന്റു മാത്രം വിട്ടുകൊടുത്ത് ഫെഡറര്‍ സെറ്റും കിരീടവും സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.