വിദ്യാഭ്യാസപരിഷ്‌കരണം പുകമറ: ഉന്നതവിദ്യാഭ്യാസ അധ്യാപകസംഘം

Monday 29 January 2018 2:30 am IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസകൗണ്‍സിലിന്റെ പുതിയ കോളേജ്-യൂണിവേഴ്‌സിറ്റി പരിഷ്‌കരണം പക്വതയില്ലാത്തതും പുകമറ സൃഷ്ടിക്കലുമാണെന്ന് ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘം. കൗണ്‍സില്‍ ഉന്നയിക്കുന്ന പല പരിഷ്‌കരണങ്ങളും യുജിസി നേരത്തെ വിഭാവനം ചെയ്തിട്ടുള്ളതാണ്. കേരളത്തിലെ സര്‍വകലാശാലകളിലും കോളേജുകളിലും വിദേശ പണ്ഡിതന്മാരുടെ സഹായം തേടാമെന്നത് പുതിയ കാര്യമല്ല. യുജിസിയുടെ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പരിപാടിയില്‍ പണ്ടേ ഉള്‍പ്പെടുത്തിയതാണ്.

പിഎച്ച്ഡി ഗൈഡുകളുടെ കാലാവധി നീട്ടുന്നതുള്‍പ്പെടെയുള്ള പല പരിഷ്‌കരണങ്ങളും യുജിസിയുടെ പരിഗണനയില്‍ നിലവിലുള്ളതാണ്. 'വിചക്ഷണന്മാരെ' ഉള്‍ക്കൊള്ളിച്ച് രൂപവത്കരിക്കാനുദ്ദേശിക്കുന്ന പുതിയ 'കരിക്കുലം കമ്മിറ്റി' യൂണിവേഴ്‌സിറ്റികളുടെ നിലവിലുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസ്'കളുമായി അഭിപ്രായവ്യത്യാസത്തിലേ കലാശിക്കൂ.

ഏപ്രില്‍-മെയ് സമയത്തെ ദ്വിമാസ അവധിക്കുപകരം സെമസ്റ്ററവസാനം ഓരോരോ മാസത്തെ അവധി എന്ന ആശയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ പരാജയപ്പെട്ടതാണ്. നിര്‍ദ്ദേശിതമായ 'അക്കാദമിക് വാളണ്ടിയര്‍ ഗ്രൂപ്പ്' കോളേജുകള്‍ക്കും  യൂണിവേഴ്‌സിറ്റികള്‍ക്കും വെറും ഭാരമായി മാറുകയേയുള്ളൂ. പ്രസ്തുത ഗ്രൂപ്പില്‍ ചേരുകവഴി വിദ്യാഭ്യാസപ്രവര്‍ത്തനമെന്ന വ്യാജേന ഒരുകൂട്ടം അധ്യാപകര്‍ തങ്ങളുടെ അധ്യാപനപ്പണിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും. ഇപ്പോള്‍ ഉള്ള അധ്യാപകര്‍കൂടി കോളേജില്‍ വരാതെയാകും. കൂനിന്മേല്‍ കുരുവെന്ന മട്ടിലുള്ള പരിഷ്‌കരണം കോളേജ് വിദ്യാഭ്യാസത്തെ ബാധിക്കും. അന്തസ്സാരശൂന്യമായ ഇത്തരം പരിഷ്‌കരണങ്ങള്‍ വരാനിരിക്കുന്ന സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പിനെ ലാക്കാക്കിയുള്ള വെറും പുകമറ മാത്രമാണ്.

പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണയവും പോലും അവതാളത്തിലാണ്. മൂല്യനിര്‍ണയത്തിലുള്ള കാലതാമസം മൂലം കേരള സര്‍വകലാശാലയുടെ രണ്ടും നാലും ആറും സെമസ്റ്റര്‍ ക്ലാസ്സുകള്‍ ഇനിയും തുടങ്ങിയിട്ടില്ല. അധികം താമസിക്കാതെ തുടങ്ങിയാല്‍ത്തന്നെയും പാഠ്യഭാഗങ്ങള്‍ എത്ര കൊണ്ടുപിടിച്ചു പഠിപ്പിച്ചാലും തീരുകയില്ല. ഇതാണ് അവസ്ഥയെന്നുള്ളപ്പോള്‍ നിലവിലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാതെ നൂതനപരിഷ്‌കരണമെന്ന് വീമ്പിളക്കുന്നതില്‍ കാര്യമൊന്നുമില്ലെന്ന് അധ്യാപകസംഘം സംസ്ഥാനപ്രസിഡന്റ് എം.പി. അജിത്കുമാര്‍, സെക്രട്ടറി ആര്‍. ശ്രീപ്രസാദ് എന്നിവര്‍ പ്രസ്താവനയില്‍ ആരോപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.