അതിരൂപത ഭൂമിവിവാദം: വിശ്വാസികളുടെ യോഗത്തില്‍ സംഘര്‍ഷം

Monday 29 January 2018 2:30 am IST

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ഭൂമിവിവാദത്തില്‍പ്പെട്ട കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം. വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയപ്പോള്‍ പോലീസ് ഇടപെട്ടാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്. 

യോഗത്തിലേക്ക് കര്‍ദിനാളിനെ അനുകൂലിക്കുന്നവരെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഭൂമി വില്പന വിവാദത്തില്‍ അതിരൂപതയ്ക്ക് കോടികളുടെ നഷ്ടമാണുണ്ടായെന്നും അതിനുത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു കര്‍ദ്ദിനാള്‍ വിരുദ്ധ വിശ്വാസികളുടെ യോഗം. സഭയുടെ ഭരണ സമിതികളില്‍ വിശ്വാസികള്‍ക്ക് പ്രാതിനിധ്യം വേണമെന്നും ഭൂമിയിടപാടിലെ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അങ്കമാലിയില്‍ ചേര്‍ന്ന യോഗത്തിലേക്ക് കര്‍ദ്ദിനാളിനെ അനുകൂലിക്കുന്ന ഇന്ത്യന്‍ കാത്തലിക്ക് ഫോറം പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. കര്‍ദ്ദിനാള്‍ അനുകൂലികള്‍ സത്യദീപം മാസിക കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. കര്‍ദ്ദിനാളിനെതിരായ ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഫൊര്‍ ട്രാന്‍സ്പറന്‍സി എന്ന സംഘടനയാണ് യോഗം ചേര്‍ന്ന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വിശ്വാസികള്‍ക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടത്. 

കര്‍ദ്ദിനാളിനെയും സഭയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന വൈദികരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു കൂട്ടര്‍ യോഗ സ്ഥലത്തേക്കെത്തിയത്. ഇവര്‍ യോഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. ഭൂമി വില്പന വിവാദത്തില്‍ അതിരൂപതയില്‍ വൈദികര്‍ രണ്ടു തട്ടിലായതോടെ വിശ്വാസികളും രണ്ടു ചേരികളിലായി. ഭൂമി ഇടപാട് വിവാദം രമ്യതയില്‍ തീര്‍ക്കാന്‍ സഭാ നേതൃത്വം ശ്രമിക്കുമ്പോഴാണ് വിശ്വാസികള്‍ പരസ്പരം ഏറ്റുമുട്ടുന്നതിലേക്ക് കാര്യങ്ങളെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.