കോട്ടയം: കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന (ഡിഡിയുജിജെവൈ)യിലൂടെ സംസ്ഥാനത്ത് 85,226 വീടുകള്‍ വൈദ്യുതീകരിച്ചു.
വൈദ്യുതി എത്താത്ത ഗ്രാമങ്ങളിലെ ബിപിഎല്‍ വിഭാഗത്തില്‍പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി എത്തിക്കുകയാണ് പദ്ധതി പ്രധാനമായി ലക്ഷ്യമിടുന്നത്. പദ്ധതി ചെലവിന്റെ പരമാവധി 75 ശതമാനം വരെ കേന്ദ്രസഹായം ലഭിക്കും. കൃഷിച്ചെലവ് കുറയ്ക്കുക, ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ച, ഇന്റര്‍നെറ്റ്, ബാങ്കിങ് സേവനങ്ങള്‍ മെച്ചപ്പെടുത്തുക ഇതിലൂടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുകയുമാണ് പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങള്‍.
485.37 കോടിയാണ് പദ്ധതി നടത്തിപ്പിന് കേന്ദ്രം അനുവദിച്ചത്. അറുപത് ശതമാനം കേന്ദ്രസര്‍ക്കാര്‍ സഹായമാണ്. മുപ്പത് ശതമാനം പദ്ധതി നടത്തിപ്പിനുവേണ്ടി സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് എടുക്കുന്ന വായ്പയാണ്. പത്ത് ശതമാനം കെഎസ്ഇബി വിഹിതവും.
ലൈനുകളുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍, വിതരണ ട്രാന്‍സ്ഫോര്‍മറിന്റെ പ്രാപ്തി വര്‍ദ്ധിപ്പിക്കല്‍, ഉപഭോക്തൃ മീറ്റര്‍ സ്ഥാപിക്കലും കേടായ മീറ്ററുകള്‍ മാറ്റല്‍, പുതിയ ലൈനുകള്‍ സ്ഥാപിക്കല്‍ എന്നിവയും പദ്ധതി പ്രകാരം നടപ്പാക്കും. ഗുജറാത്ത് കേന്ദ്രമായുള്ള ഇലക്ട്രിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് അസോസിയേഷനാണ് സംസ്ഥാനത്തെ പദ്ധതി നടത്തിപ്പിന്റെ ചുമതല.
അതേസമയം, പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് അധികൃതര്‍ താല്പര്യം കാട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ വീടുകളില്‍ വെളിച്ചം എത്തിക്കാമായിരുന്നു. വൈദ്യുതീകരിക്കേണ്ട വീടുകളുടെ എണ്ണം എത്രയെന്ന് പലതവണ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറാന്‍ വൈകി. ഇത് പദ്ധതി നടത്തിപ്പ് വൈകുന്നതിന് ഇടയാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: