സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം; നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം

Monday 29 January 2018 1:26 am IST

കണ്ണൂര്‍: സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷവിമര്‍ശനം. 

നേതാക്കളുടെ വഴിവിട്ട നടപടികളും ജീവിത-പ്രവര്‍ത്തന ശൈലികളും പാര്‍ട്ടിയുടെ ജനപ്രീതിയും ബഹുജനാടിത്തറയും തകര്‍ത്തതായി പ്രതിനിധി സമ്മേളന ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു വിഭാഗം അംഗങ്ങള്‍ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനെതിരെയും പാര്‍ട്ടിക്കുള്ളില്‍ സ്വയം മഹത്വവല്‍ക്കരിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്ന ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേയും രൂക്ഷവിമര്‍ശനമുയര്‍ന്നതായറിയുന്നു.

ജില്ലാ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ ജില്ലയില്‍ അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതര പാര്‍ട്ടികളില്‍ നിന്ന് എത്തിയവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന ജില്ലാ സെക്രട്ടറിയുടെ നടപടികള്‍ക്കെതിരെയും വിമര്‍ശനങ്ങളുയര്‍ന്നു. ബന്ധുനിയമന വിവാദമടക്കമുള്ള ആരോപണങ്ങളും പാര്‍ട്ടിയെ പൊതുജന മധ്യത്തില്‍ അപഹാസ്യമാക്കി. കാരായിമാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും കുറ്റവിമുക്തരാക്കാനും നടത്തിയ നീക്കങ്ങളും വിമര്‍ശിക്കപ്പെട്ടു. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ജില്ലാ സെക്രട്ടറി നടത്തിയ അതിക്രമം, സെക്രട്ടറിയുടെ മകന്‍ പോലീസ് സ്റ്റേഷനില്‍ അസഭ്യം പറഞ്ഞത്, മന്ത്രി കെ.കെ.ശൈലജയുമായി ബന്ധപ്പെട്ട കണ്ണട വിവാദം തുടങ്ങിയവയെല്ലാം പാര്‍ട്ടിയുടെ മുഖച്ഛായ തകര്‍ത്തതായി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 

നേതാക്കള്‍ ആഡംബര ജീവിതം ഉപേക്ഷിക്കുകയും വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പാകുമ്പോഴേക്കും പാര്‍ട്ടിയുടെ അടിത്തറ പോലും ബാക്കിയുണ്ടാവില്ലെന്നു വരെയുളള വിമര്‍ശനങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. കോടിയേരിയുട വീട്ടില്‍ നടന്ന പൂജയുമായി ബന്ധപ്പെട്ടും മകന്റെ സാമ്പത്തികത്തട്ടിപ്പ് സംബന്ധിച്ചും ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിക്കുളളിലുളളവര്‍തന്നെ പ്രവര്‍ത്തിച്ചുവെന്ന രീതിയിലുളള ആരോപണങ്ങളും യോഗത്തില്‍ ഉയര്‍ന്നു. പാര്‍ട്ടിക്കുളളിലെ അഭിപ്രായ വിത്യാസങ്ങള്‍ തുറന്നു കാട്ടുന്നതായിരുന്നു വിവിധ വിഷയങ്ങളില്‍ പല മുതിര്‍ന്ന സമ്മേളന പ്രതിനിധികളും സംസാരിച്ചത്. തലശ്ശേരി എംഎല്‍എ ഉള്‍പ്പെടെയുളള യുവ എംഎല്‍എമാര്‍ പാര്‍ട്ടിക്കതീതരാവുകയും സാധാരണക്കാരായ ജനങ്ങളുമായി ബന്ധമില്ലാതാവുകയും ചെയ്തതായും ചിലര്‍ അഭിപ്രായപ്പെട്ടു.

ജില്ലാ സെക്രട്ടറി ആര് എന്നത് സംബന്ധിച്ച അഭിപ്രായ ഐക്യത്തിനുള്ള സാധ്യതകള്‍ക്കും മങ്ങലേറ്റു. ഇന്ന് പ്രഖ്യാപിക്കേണ്ട സെക്രട്ടറിയെ സംബന്ധിച്ച് ഇന്നലെ വൈകിയും സമ്മേളന വേദിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.