63 ലക്ഷവും 65 പവനും വീടും നല്‍കാന്‍ വിധി

Monday 29 January 2018 1:28 am IST

തൊടുപുഴ: ഭാര്യ ജോലി ചെയ്തുണ്ടാക്കിയ പണം ധൂര്‍ത്തടിച്ച ഭര്‍ത്താവിനെതിരെ തൊടുപുഴ കുടുംബകോടതിയില്‍ നിര്‍ണ്ണായക വിധി. 63,00,160 രൂപയും, 65 പവന്‍ സ്വര്‍ണ്ണവും, വീടും സ്ഥലവും തിരികെ നല്‍കാനാണ് വിധിയില്‍ പറയുന്നത്. വണ്ണപ്പുറം കൂട്ടുങ്കല്‍ ജോളിക്കും, ഇയാളുടെ അച്ഛനമ്മമാര്‍ക്കുമെതിരെ ഭാര്യ നല്‍കിയ കേസിലാണ് ജഡ്ജി എം.കെ. പ്രസന്നകുമാരി സുപ്രധാന വിധി പ്രസ്താവിച്ചത്. 

വിവാഹ സമയം കുടുംബ വിഹിതമായി നല്‍കിയ 50 പവന്‍ സ്വര്‍ണ്ണം അടക്കം സ്വന്തമായുണ്ടായിരുന്ന 65 പവന്‍ സ്വര്‍ണ്ണവും, 1998 മുതല്‍ പലപ്പോഴായി ഭര്‍ത്താവിന് നല്‍കിയ തുകയായ 63,00,160 രൂപയുമാണ് ഹര്‍ജിക്കാരിക്ക് തിരികെ നല്‍കാന്‍ ഉത്തരവില്‍ പറയുന്നത്. തുക മൂന്ന് മാസത്തിനുള്ളില്‍ ഭാര്യയ്ക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള വസ്തു ലേലം ചെയ്ത് ഈടാക്കിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരില്‍ വാങ്ങിയ 15 സെന്റ് വസ്തുവില്‍ 2007 ല്‍ പുതുതായി പണിത വീടും ഭാര്യയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും ഉത്തരവായി. ഭര്‍ത്താവിന് എതിരെ ശാശ്വത നിരോധന ഉത്തരവും കുടുബ കോടതി വിധിച്ചു. ഭാര്യ ദല്‍ഹിയിലും, സൗദിയിലും ജോലി ചെയ്തുണ്ടാക്കിയ പണമാണ് ഭര്‍ത്താവ് ധൂര്‍ത്തടിച്ചതെന്നും കോടതി നിരീക്ഷിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.