ആര്‍എസ്എസ് ദര്‍ശനം വിശ്വമാനവികത: ഡോ. മോഹന്‍ ഭാഗവത്

Monday 29 January 2018 2:55 am IST

പാലക്കാട്: ലോകത്തെ ഒരുമിപ്പിക്കുന്നതില്‍ വ്യാപാര നിയമങ്ങളും മതനിയമങ്ങളും പരാജയപ്പെട്ടുവെന്നും ലോകം താത്പര്യപൂര്‍വ്വം ഭാരതത്തിന്റെ വിശ്വമാനവ ദര്‍ശനത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെയോ സമൂഹത്തിന്റെയോ മാത്രം ക്ഷേമമല്ല ഭാരതം ലക്ഷ്യമാക്കുന്നത്. മുഴുവന്‍ ലോകത്തിന്റെയുമാണ്. ഒരുകാലത്ത് ലോകത്തെ നിയന്ത്രിച്ചിരുന്ന മത നിയമങ്ങള്‍ ഇന്ന് അപ്രസക്തമാവുകയാണ്. ലോകത്തെ ഏകീകരിക്കുന്നത് വ്യാപാര നിയമങ്ങളാണെന്നാണ് ചില പാശ്ചാത്യ ചിന്തകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഈ വ്യാപാര നിയമങ്ങള്‍ സ്വാര്‍ത്ഥതയില്‍ അധിഷ്ഠിതമാണ്. ലോകത്തെ മുഴുവന്‍ ഒന്നായികാണുന്ന ഏകദര്‍ശനം ഭാരതീയമാണ്. 

ലോകവ്യാപാര സംഘടനയുടെ ആസ്ഥാനമായ അമേരിക്കയില്‍പോലും പുതിയ ചുങ്കം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചര്‍ച്ച നടക്കുമ്പോള്‍ ഭാരതമാണ് ഏകലോകത്തെക്കുറിച്ച് പറയുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകര്‍തൃശിബിരത്തിന്റെ സമാപനയോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ ആധ്യാത്മിക-ധാര്‍മ്മിക ചിന്തയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ലോകത്തിന്റെയും ക്ഷേമത്തിനായാണ് ആര്‍എസ്എസ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകം ഒന്നാകണം എന്നല്ല ലോകം ഒന്നാണ് എന്നാണ് ഭാരതം പഠിപ്പിച്ചത്. ഈ ധാര്‍മ്മിക ചിന്തയെയാണ് ഹിന്ദുത്വം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അത് കേവലം മതപരമോ അനുഷ്ഠാനപരമോ അല്ല. 

ഭാരതീയതയ്ക്ക് എതിരുനില്‍ക്കുന്നവര്‍ ലോകത്തിന്റെ പുരോഗതിക്കും ഐക്യത്തിനുമാണ് തടസം സൃഷ്ടിക്കുന്നത്. സങ്കുചിത ഭേദഭാവന വളര്‍ത്തുന്നവര്‍ സ്വാര്‍ത്ഥ നേട്ടത്തിനായാണ് ശ്രമിക്കുന്നത്. വിഭജനകാലം മുതലുള്ള ഇത്തരം ശ്രമങ്ങളെ വിജയകരമായി നമ്മുടെ രാജ്യം അതിജീവിച്ചിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു.

ദക്ഷിണക്ഷേത്രസംഘചാലക് ആര്‍. വന്നിയരാജന്‍, കേരള പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു. സീമാ ജാഗരണ്‍ സമിതി ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്‍ പരിഭാഷ നിര്‍വ്വഹിച്ചു. 

മൂന്നുദിവസങ്ങളിലായി നടന്ന കാര്യകര്‍തൃശിബിരം ഇന്നലെ സമാപിച്ചു. ശിബിരത്തില്‍ പങ്കെടുത്ത കാര്യകര്‍ത്താക്കളുടെ കായികപ്രദര്‍ശനവും സമാപന പരിപാടിയുടെ ഭാഗമായി നടന്നു. മണ്ഡല തലം മുതല്‍ ഉപരി ചുമതലയുള്ള എണ്ണായിരത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ശിബിരത്തില്‍ പങ്കെടുത്തത്. പരിവാര്‍സംഘടനകളുടെ സംസ്ഥാന ചുമതലയുള്ള നിശ്ചയിക്കപ്പെട്ട പ്രവര്‍ത്തകരും ശിബിരത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.