പ്രകൃതി ചികിത്സകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം

Monday 29 January 2018 1:46 am IST

 

പയ്യന്നൂര്‍: പ്രകൃതി ചികിത്സാലയങ്ങള്‍ക്കും പ്രകൃതി ചികിത്സകര്‍ക്കുമെതിരെ കേരളത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പൗരപ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അലോപ്പതി ചികിത്സയുടെ തെറ്റായ സമീപനങ്ങളെയും നിര്‍ബന്ധിതവും ഏകപക്ഷീയവുമായ കൂട്ടപ്രതിരോധ കുത്തിവെപ്പിനെയും തുറന്നുകാട്ടുന്നതിന്റെ പേരില്‍ മരുന്നു മാഫിയയുടെയും ആരോഗ്യവകുപ്പിന്റെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 

പല പ്രകൃതി ചികിത്സകരും കോടതിയുടെ സഹായം തേടേണ്ട വിധത്തില്‍ കള്ളക്കേസുകളില്‍ കുരുങ്ങുകയാണ്. പയ്യന്നൂരിലെ പ്രകൃതി ചികിത്സകരായ പി.എം.ബാലകൃഷ്ണനെയും എം.ഉണ്ണികൃഷ്ണനെയും മര്‍ദിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. അന്നൂരിലെ പ്രകൃതി ചികിത്സാ കേന്ദ്രം പിടിച്ചെടുക്കാന്‍ ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നടത്തുന്ന നീക്കമാണ് പി.എം.ബാലകൃഷ്ണനെ ആശുപത്രിയിലാക്കിയ മര്‍ദനത്തിന് ഇടയാക്കിയിട്ടുള്ളത്. ജീവന് ഭീഷണിയുണ്ടെന്ന് ഹൈക്കോടതിയില്‍ ബാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ ഭീഷണിയില്ലെന്ന റിപ്പോര്‍ട്ടായിരുന്നു പോലീസ് നല്‍കിയത്. 

ജനങ്ങളെ മരുന്നുകളില്‍ നിന്ന് മോചിപ്പിക്കാനും നല്ല ഭക്ഷണത്തിലേക്ക് നയിക്കാനും പരിശ്രമിക്കുന്ന പ്രകൃതി ചികിത്സകര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പ്രകൃതി ചികിത്സകരോടുള്ള ആരോഗ്യവകുപ്പിന്റെ പ്രതികാര മനോഭാവം അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

ശാന്തിക്ഷേമ സമിതി ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, സ്വാതന്ത്ര്യ സമര സേനാനി തായാട്ട് ബാലന്‍, ഗാന്ധിമാര്‍ഗ് എഡിറ്റര്‍ ഡോ. എം പി മത്തായി, പി യു സി എല്‍ പ്രസിഡണ്ട് അഡ്വ. പി എ പൗരന്‍, ഒരേ ഭൂമി ഒരേ ജീവന്‍ മാസിക എഡിറ്റര്‍ ഖദീജ നര്‍ഗീസ്,  ജനാരോഗ്യപ്രസ്ഥാനം ചെയര്‍മാന്‍ ഡോ. ജേക്കബ് വടക്കന്‍ചേരി എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.