അധ്യാപകന്റെ ശമ്പളം തടഞ്ഞുവെച്ച സംഭവം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: മനുഷ്യാവകാശ കമ്മീഷന്‍

Monday 29 January 2018 1:47 am IST

 

കണ്ണൂര്‍: അധ്യാപകന്റെ ശമ്പളം അകാരണമായി തടഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.  പാട്യം വെസ്റ്റ് യുപി സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായ കെ.മനോജിന്റെ രണ്ട് മാസത്തെ ശമ്പളം അകാരണമായി തടഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതരിക്കാന്‍ മുന്നറിയിപ്പ് നല്‍കണമെന്നും കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  അധ്യാപകനായ കെ.മനോജ് നല്‍കിയ പരാതിയിലാണ് നടപടി. 

കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 2016 ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലെ ശമ്പളം തടഞ്ഞുവെച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് 2017 മാര്‍ച്ച് 29ന് തടഞ്ഞുവെച്ച ശമ്പളം ഒരുമിച്ച് വാങ്ങിയിട്ടുമുണ്ട്. 

തന്റെ ശമ്പളം തടഞ്ഞുവെക്കാന്‍ ഉത്തരവില്ലാത്ത സാഹചര്യത്തില്‍ ശമ്പളം തടഞ്ഞത് അന്യായമാണെന്നും ഇതുമൂലം ഒട്ടേറെ പ്രയാസങ്ങള്‍ നേരിട്ടെന്നും പരാതിക്കാരന്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായി ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.