കാരുണ്യ പദ്ധതി കൂടുതല്‍ വിപുലമാക്കണം: ആരോഗ്യ മന്ത്രി

Monday 29 January 2018 1:52 am IST

 

കണ്ണൂര്‍: കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി ഇനിയും കൂടുതല്‍ വിപുലമാക്കേണ്ടതുണ്ടെന്ന്  മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തതിന്റെ ജില്ലാതല പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കാരുണ്യ പദ്ധതി കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമാണ്. നൂറുകണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ പദ്ധതി വഴിയുള്ള ധനസഹായം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. 

സംസ്ഥാനത്ത് സമഗ്രമായ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പുതുതായി ആരംഭിക്കാന്‍ ആലോചന നടക്കുന്നതായും മന്ത്രി അറിയിച്ചു. കേരളം പൊതു ആരോഗ്യ സൂചികകളില്‍ ഏറെ മുന്നിലാണെങ്കിലും അപൂര്‍വ്വ രോഗങ്ങളടക്കം വലിയ തോതില്‍ കണ്ടുവരുന്നുണ്ട്. ജന്‍മനാ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കായി പുതുതായി ആരംഭിച്ച ഹൃദ്യം പദ്ധതിയില്‍പ്പോലും നൂറുകണക്കിന് അപേക്ഷകളാണ് വരുന്നത്. ഇതില്‍ 65 കുട്ടികള്‍ക്ക് ശസ്ത്രക്രിയ വേണമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജിലും അമൃത ആശുപത്രിയിലും മാത്രമാണ് ഇതിന്റെ ശസ്ത്രക്രിയാ സംവിധാനമുള്ളത്. മറ്റ് മെഡിക്കല്‍ കോളേജുകളിലും ഈ സൗകര്യം സ്ഥാപിക്കാന്‍ നടപടികള്‍ ആലോചിച്ചു വരികയാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക ക്രമത്തിന്റെ അവിഭാജ്യ ഘടകമായി ഭാഗ്യക്കുറി സംവിധാനം മാറിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ് വിതരണവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. സംസ്ഥാന ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം വി ബാലന്‍ യൂനിഫോം വിതരണം നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, കൗണ്‍സിലര്‍ ലിഷ ദീപക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, വിവിധ സംഘടനാ പ്രതിനിധികളായ പി.രവീന്ദ്രന്‍, ജിന്‍സ് മാത്യൂ, പൂക്കോടന്‍ ചന്ദ്രന്‍, വി ഉമേശന്‍, പി.ചന്ദ്രന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.ആര്‍.സുധ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി.കെ.രാജന്‍ നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.