ഉമ്മന്‍ചാണ്ടിക്കും വിഎസിനും ഹൈക്കോടതി നോട്ടീസ്

Monday 29 January 2018 2:51 am IST

കൊച്ചി: ജനതാദള്‍ (യു) സംസ്ഥാന അധ്യക്ഷനും മാതൃഭൂമി എംഡിയുമായ എം.പി. വീരേന്ദ്രകുമാര്‍ വ്യാജരേഖയുണ്ടാക്കി ഭൂമി കൈയേറിയ കേസില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിക്കും വി.എസ്. അച്യുതാനന്ദനും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി.രാജന്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് നടപടി. ഭൂമി കൈയേറ്റത്തിന് ഉമ്മന്‍ചാണ്ടിയും വിഎസ്സും മുഖ്യമന്ത്രിമാരായിരിക്കെ ഒത്താശചെയ്‌തെന്നാണ് ആരോപണം. 

കൈയേറ്റ കേസില്‍ തലശ്ശേരി വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് അഡ്വ.പി. ചന്ദ്രശേഖരന്‍ മുഖേന പി.രാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഉമ്മന്‍ചാണ്ടി, വിഎസ്, വീരേന്ദ്രകുമാറിന്റെ മകന്‍ എം.വി. ശ്രേയാംസ് കുമാര്‍, എം.പി. വീരേന്ദ്രകുമാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. എതിര്‍ കക്ഷികള്‍ക്കെല്ലാം നോട്ടീസ് അയക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ കൃഷ്ണഗിരി വില്ലേജില്‍ വീരേന്ദ്രകുമാര്‍, മകന്‍ ശ്രേയാംസ്‌കുമാറിന് നല്‍കിയ 14.44 ഏക്കര്‍ വ്യാജരേഖയുണ്ടാക്കി കൈക്കലാക്കിയ സര്‍ക്കാര്‍ ഭൂമിയാണെന്നാണ് പരാതി. ഇതു സംബന്ധിച്ച് തലശ്ശേരി വിജിലന്‍സ് പ്രത്യേക കോടതിയില്‍ നല്‍കിയ കേസില്‍ ത്വരിതപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിധിയുണ്ടായത്. വീരേന്ദ്രകുമാര്‍ നടത്തിയത് കൈയേറ്റമല്ലെന്നും വീരേന്ദ്രകുമാറിന്റെ അച്ഛന്‍ പത്മപ്രഭഗൗഡര്‍ ഭാഗം നല്‍കിയ ഭൂമിയോട് ചേര്‍ന്നുകിടക്കുന്ന ഭൂമിയായതിനാല്‍ അബദ്ധത്തില്‍ കൈവശം വന്നുചേര്‍ന്നതാണെന്നുമായിരുന്നു വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ഇത് തലശ്ശേരി കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനെതിരെയാണ് പി.രാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.