പള്‍സ് പോളിയോ ദിനം-2018 രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

Monday 29 January 2018 10:55 am IST

ന്യൂദല്‍ഹി: ഇന്ന് പള്‍സ് പോളിയോ ദിനം. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ കുട്ടികള്‍ക്ക് തുള്ളിമരുന്ന് നൽകിക്കൊണ്ട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പോളിയോ പ്രതിരോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു. ഇന്നും നാളെയുമായി രണ്ടു ഘട്ടങ്ങളായാണ് പള്‍സ് പോളിയോ ദിനം ആചരിക്കുന്നത്.

അഞ്ച് വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളി മരുന്ന് നല്‍കും. രാജ്യത്ത് ഉടനീളമായി അഞ്ച് വയസിന് താഴെയുള്ള 17 കോടി കുട്ടികളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകത്തെ മറ്റ് പ്രദേശങ്ങളിൽ പോളിയോ വൈറസ് വ്യാപകമായി കൊണ്ടിരിക്കുന്നതിനാൽ, ജാഗ്രത പാലിക്കണമെന്നും ജനസംഖ്യ പ്രതിരോധശേഷി നിലനിർത്തണമെന്നും ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ പറഞ്ഞു. 

നമ്മുടെ കുട്ടികളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തി വരികയാണെന്നും ജെ.പി നദ്ദ പറഞ്ഞു. രാജ്യത്തെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിന് പ്രതിരോധ കുത്തിവയ്പ് പരിപാടികള്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്‌ സ്റ്റാന്‍ഡ് സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് പോളിയോ ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ കേരളം സാമൂഹികക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ, സാക്ഷരതാ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി, ലയണ്‍സ്, റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് വിവിധ ജില്ലകളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.