സഭയുടെ ഭൂമി ഇടപാട് : അഞ്ച് വൈദികര്‍ക്ക് സമന്‍സ്

Monday 29 January 2018 4:01 pm IST

കൊച്ചി : സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉള്‍പ്പെടെ അഞ്ച് വൈദികര്‍ക്ക് കോടതിയുടെ സമന്‍സ്. ഈ മാസം 31 ന് 5 പേരും കോടതിയില്‍ ഹാജരാകണമെന്നാണ് എറണാകുളം സിജെഎം കോടതിയുടെ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ പ്രസിഡന്റ് പോളച്ചന്‍ പുതുപ്പാറ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. ഭൂമി ഇടപാടില്‍ നികുതി വെട്ടിപ്പ്, വിശ്വാസ വഞ്ചന, അഴിമതി, സമ്പത്തിന്റെ ദുരുപയോഗം തുടങ്ങിയവ നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥ ലംഘിച്ച്‌ കടം വീട്ടാന്‍ ഭൂമി വിറ്റുവെന്നുമാണ് സ്വകാര്യ അന്യായത്തിന്റെ ഉള്ളടക്കം. 

ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരന്റെ മൊഴി കോടതി വിശദമായി രേഖപ്പെടുത്തി. തുടര്‍ന്നാണ് സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ തീരുമാനിച്ചത്. സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സര്‍ക്കാരിന് ലഭിക്കേണ്ട നികുതി പണം നഷ്ടപ്പെട്ടുവെന്നും, കരാര്‍ ഒപ്പിട്ട ജോര്‍ജ് ആലഞ്ചേരിയാണ് ഇതിന് ഉത്തരവാദിയെന്നും, അതിനാല്‍ നിയമനടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.