സാമ്പത്തിക ഇടനാഴി: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന

Monday 29 January 2018 5:48 pm IST

ബീജിങ്: പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന. 

50 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മ്മിക്കുന്ന നിര്‍ദ്ദിഷ്ട സാമ്പത്തിക ഇടനാഴിക്കെതിരെ ഇന്ത്യ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. പാക്കധീന കശ്മീരിലൂടെ കടന്നുപോകുന്ന ഇടനാഴി പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയായിട്ടാണ് ഇന്ത്യ  കാണുന്നത്. ചൈനയിലെ ഇന്ത്യന്‍ പ്രതിനിധി ഗൗതം ബാംബവല്‍സ് ഗ്ലോബല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇടനാഴിയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹൂ ചുനിയിങ് ഇന്ത്യയുമായി സാമ്പത്തിക ഇടനാഴി സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയത്.

സിപിഇസി സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസം രണ്ടുരാജ്യങ്ങളുടെയും പൊതുതാല്‍പര്യങ്ങളെ ബാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ എന്ത് അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നുവന്നാലും പരസ്പരമുള്ള ബഹുമാനത്തോടെയും ചര്‍ച്ചകളിലൂടെയും പരിഹരിക്കാനാകുമെന്നും ചൈന വ്യക്തമാക്കി. സിപിഇസി ഒരു സാമ്പത്തിക സഹകരണം മാത്രമാണ്, ഒരു മൂന്നാം കക്ഷിയെ ഇത് ലക്ഷ്യമിടുന്നില്ല. ഇക്കാര്യം മനസ്സിലാക്കി ഇന്ത്യ സഹകരണം ശക്തമാക്കുവാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.