ലക്ഷങ്ങള്‍ പാഴായി: ഇ-ടോയ്‌ലറ്റുകള്‍ നോക്കുകുത്തിയാകുന്നു

Tuesday 30 January 2018 2:14 am IST


ചേര്‍ത്തല: ലക്ഷങ്ങള്‍ പാഴായി. നഗരത്തിലെ ഇ-ടോയ്‌ലെറ്റുകള്‍ നോക്കുകുത്തിയാകുന്നു. പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ മാര്‍ഗമില്ലാതെ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ദുരിതം പേറുന്നു.
  നഗരത്തിലുണ്ടായിരുന്ന ശൗചാലയങ്ങള്‍ ഉപയോഗ ശൂന്യമായതോടെയാണ് ആധുനിക ഇ-ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. കെ.സി. വേണുഗോപാല്‍ എംപിയുടെ പ്രാദേശിക വികസന പദ്ധതിയില്‍പെടുത്തി നഗരസഭ ഷോപ്പിങ് കോംപ്ലക്‌സ്, സ്വകാര്യ ബസ്സ്റ്റാന്‍ഡ്, പാരഡൈസ് തീയേറ്ററിന് സമീപം എന്നിവിടങ്ങളില്‍ ഇരുപത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇവ യാഥാര്‍ത്ഥ്യമാക്കിയത്.
  നഗരസഭയും സാമ്പത്തിക സഹായം നല്‍കി. ആഘോഷപൂര്‍വം ഉദ്ഘാടനം നടത്തിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഇവ തകരാറിലായി. നാണയത്തുട്ടിട്ട് പ്രവര്‍ത്തിക്കുന്ന ടോയ്‌ലെറ്റിനുള്ളില്‍ ആള്‍ക്കാര്‍ കുടുങ്ങിയതോടെ ഇതില്‍ കയാറാന്‍ പലര്‍ക്കും ഭയമായി. പ്രദേശം കാട് കയറിയതോടെ ഇ-ടോയ്‌ലറ്റിന്റെ ഭാഗങ്ങള്‍ പലതും ദ്രവിച്ച് നാശോന്മുഖമായി.
  യന്ത്രസാമഗ്രികള്‍ പലതും മോഷണം പോയതോടെ പ്രവര്‍ത്തനം നിലച്ചു. യഥാസമയം അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയ്യാറാകാത്തതോടെ ജനങ്ങളും മുഖംതിരിച്ചു. ഉപയോഗശൂന്യമായ ഇവ ഇഴജന്തുക്കളുടേയും സാമൂഹ്യവിരുദ്ധരുടെയും താവളമായി.
  നഗരത്തിലെ കംഫര്‍ട്ട് സ്റ്റേഷനുകള്‍ പൊട്ടിയൊലിക്കുമ്പോഴും ഇ-ടോയ്‌ലറ്റുകള്‍ ഉപയോഗപ്രദമാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.