മധുരാന്തകത്തിലെ ഏരി കാത്ത രാമര്‍ക്ഷേത്രം

Tuesday 30 January 2018 2:30 am IST

തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലാണ് മധുരാന്തകം എന്ന സ്ഥലം. മധുരാന്തകത്തിലെ ഏരി കാത്ത രാമര്‍ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ശ്രീരാമനും സീതാദേവിയും ലക്ഷ്മണനുമാണ്.

ശ്രീരാമനോടൊപ്പം ആഞ്ജനേയ പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രങ്ങള്‍ വളരെ വളരെ അപൂര്‍വമായിരിക്കും; അത്തരത്തില്‍ ഒന്നാണ് ഈ ക്ഷേത്രം.

വിഭാണ്ഡകമഹര്‍ഷിയുടെ പുത്രന്‍ ഋഷ്യശൃംഗനാണ് ദശരഥമഹാരാജാവിനെ പുത്രകാമേഷ്ടി നടത്താന്‍ സഹായിച്ചത്. പിന്നീട് ദണ്ഡകാരണ്യത്തിലെ വാസസമയത്ത് സീതയെ അന്വേഷിച്ച് അലയവേ രാമലക്ഷ്മണന്മാര്‍ വിഭാണ്ഡക മഹര്‍ഷിയുടെ ആശ്രമത്തിലെത്തി. അവര്‍ക്ക് സീതയെ കണ്ടെത്താനാവുമെന്ന് ഉറപ്പുനല്‍കിയ മഹര്‍ഷി സീതയേയും കൂട്ടി വീണ്ടും ഇവിടെ വന്ന് ദര്‍ശനം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു.

താന്‍ സീതാസമേതനായി മടങ്ങിവരികയാണെന്ന വിവരം ഭരതനെ മുന്‍കൂട്ടി അറിയിക്കാന്‍ ഹനുമാനെ നിയോഗിച്ചതിനെത്തുടര്‍ന്ന് ഹനുമാന്‍ മുന്‍പെ പോയതിനാലാണ് ഇവിടെ ക്ഷേത്രത്തില്‍ ഹനുമാന്റെ സാന്നിദ്ധ്യം ഇല്ലാതെ പോയത്.

കൃതയുഗത്തില്‍ ബ്രഹ്മാവിന്റെ പുത്രന്മാര്‍ മോക്ഷം നേടാനുള്ള മാര്‍ഗ്ഗങ്ങളും സാധ്യതകളും ആരാഞ്ഞ് ശ്രീമന്നാരായണനെ കാണാനെത്തി. കരുണാകരമൂര്‍ത്തിയുടെ രൂപത്തിലുള്ള തന്റെ തന്നെ വിഗ്രഹം അവര്‍ക്ക് നല്‍കി ഉപാസന നടത്തിയാല്‍ മതിയെന്നു പറഞ്ഞു ഭഗവാന്‍. ബകുളാരണ്യത്തിലെ വിഭാണ്ഡകാശ്രമത്തില്‍ വേണം ധ്യാനമിരിക്കേണ്ടത് എന്നും നിര്‍ദ്ദേശിച്ചു. പഴയ ബകുളാരണ്യമാണ് ഇപ്പോള്‍ മധുരാന്തകം എന്ന് അറിയപ്പെടുന്നത്. അതനുസരിച്ച് ബ്രഹ്മാവിന്റെ പുത്രന്മാര്‍ കരുണാകരമൂര്‍ത്തിയെ വിഭാണ്ഡകാശ്രമത്തില്‍ പ്രതിഷ്ഠിച്ച് ഉപാസന നടത്തുകയും പിന്നീട് മോക്ഷം പ്രാപിക്കുകയും ചെയ്തു.

രാവണനിഗ്രഹത്തിനുശേഷം സീതയുമൊത്ത് പുഷ്പകവിമാനത്തില്‍ ലങ്കയില്‍നിന്ന് മടങ്ങുന്ന വേളയില്‍ സീതയെ തേടി മുന്‍പ് താന്‍ അലഞ്ഞ സ്ഥലങ്ങളൊക്കെ രാമന്‍ സീതയ്ക്ക് കാണിച്ചുകൊടുത്തു. ജ്ഞാനഗിരി പര്‍വതത്തിനു മുകളില്‍ എത്തിയപ്പോള്‍ പുഷ്പകവിമാനം അനങ്ങാതായി. വിഭാണ്ഡക മഹര്‍ഷിയെക്കുറിച്ചും അദ്ദേഹത്തിന് നല്‍കിയ വാഗ്ദാനത്തെക്കുറിച്ചും സീത പരിഭ്രാന്തനായ രാമനെ ഓര്‍മിപ്പിച്ചു. അവര്‍ അവിടെ ഇറങ്ങി. അവരുടെ ദര്‍ശനത്തില്‍ മഹര്‍ഷി സന്തുഷ്ടനായി. പുഷ്പക വിമാനത്തില്‍നിന്ന് ഇറങ്ങാന്‍ സഹായിക്കുന്നതിനായി ശ്രീരാമന്‍ സീതയുടെ കൈപിടിക്കുന്ന രംഗം ഇവിടെ ക്ഷേത്രത്തില്‍  ചിത്രീകരിച്ചിട്ടുള്ളതായി കാണാം. മറ്റെങ്ങും സീതയും രാമനും പരസ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന രൂപം ഇല്ല എന്നും പറയേണ്ടിയിരിക്കുന്നു.

വിഭീഷണനെ ലങ്കയുടെ പുതിയ നരപതിയായി വാഴിച്ച ശ്രീരാമന്‍ താന്‍ നിത്യവും പൂജിച്ചിരുന്ന ശ്രീരംഗനാഥ ഭഗവാന്റെ വിഗ്രഹം വിഭീഷണന് പൂജിക്കാനായി നല്‍കി. ബ്രഹ്മാവിന്റെ പുത്രന്മാര്‍ പണ്ട് പ്രതിഷ്ഠിച്ച കരുണാകരമൂര്‍ത്തിയെയാണ് ശ്രീരാമന്‍ പിന്നീട് തന്റെ വനവാസവേളയില്‍ ആശ്രമത്തിലെത്തിയപ്പോള്‍ ഉപാസിച്ചത്.

വൈഷ്ണവാചാര്യനായ രാമാനുജാചാര്യന്റെ ആത്മീയ ജീവിതത്തിന് തുടക്കം കുറിച്ചത് ഇവിടെവച്ചത്രെ. പെരിയ നമ്പി ഇവിടുത്തെ ബകുളമരത്തിന് ചുവട്ടിലിരുത്തിയാണ് പഞ്ചസംസ്‌കാരം എന്ന മതാചാരം നടത്തി അദ്ദേഹത്തിന് വിശുദ്ധി നേടിക്കൊടുത്തത്-തപം, പുണ്ഡ്രം, നമം, മന്ത്രം, യോഗം എന്നിവയാണ് ആചാരങ്ങള്‍.

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണകാലത്ത് ചെങ്കല്‍പേട്ട് കളക്ടറായിരുന്ന ലിയോനാള്‍ഡ് പ്ലേസ് റിസര്‍വോയറിന് അണകെട്ടുകയും മഴക്കാലത്തു അത് പൊട്ടി നാശനഷ്ടങ്ങള്‍ വരുത്തി ബ്രാഹ്മണരെ കളിയാക്കുകയും ചെയ്തു. ദേവിക്ക് ശക്തിയുണ്ടെങ്കില്‍ വെള്ളപ്പൊക്കം തടയട്ടെ, ക്ഷേത്രനിര്‍മിതിക്ക് പണം താന്‍ നല്‍കാമെന്നായി കളക്ടര്‍. അണകെട്ടിയ ഭിത്തി അതിരൂക്ഷമായ മഴയിലും ഒരു കേടും സംഭവിക്കാതെ നില്‍ക്കുന്നതുകണ്ട കളക്ടര്‍ ഇനിയൊരിക്കലും അണ പൊട്ടില്ലെന്ന് ഉറപ്പാക്കി ഉടന്‍ ക്ഷേത്രനിര്‍മാണത്തിന് മുന്‍കൈ എടുത്തതും ചരിത്രം.

പങ്കുനിമാസത്തിലെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന രാമനവമി ഉത്സവം വളരെ പ്രധാനമാണിവിടെ. വ്യത്യസ്ത സമയങ്ങളിലായി അഞ്ച് രൂപത്തില്‍  ഭഗവാന്‍ അന്ന് ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നു-തലമുടി മെടഞ്ഞിട്ട്, ഏകാന്ത വസ്ത്രമണിഞ്ഞ്, തിരുവാഭരണ അലങ്കാരങ്ങളോടെ, വൈരകിരീടമണിഞ്ഞ്, മുത്തുക്കൊണ്ടൈ എന്നീ രൂപങ്ങളില്‍. ആനി മസത്തില്‍ 15 ദിവസം നീണ്ടുനില്‍ക്കുന്ന ബ്രഹ്മോത്സവം ഉണ്ട്. ചിത്തിരമാസത്തില്‍ ഭാഷ്യകാരര്‍ ജയന്തിയും കേമമായി ആഘോഷിക്കുന്നു.

പരിവേട്ടൈ ഉത്സവവേളയില്‍ തൈമാസത്തിലെ മൂന്നാമത്തെ ദിവസം കരുണാകരപെരുമാളെ ജ്ഞാനഗിരി പര്‍വതത്തിലേക്ക് എഴുന്നള്ളിക്കുന്ന പതിവുണ്ട്.

മുഖ്യപ്രതിഷ്ഠയായ കോദണ്ഡരാമര്‍ അഥവാ കല്യാണരാമര്‍ കൈയില്‍ വില്ലുമേന്തി, കിഴക്കോട്ട് അഭിമുഖമായി നില്‍ക്കുന്ന നിലയിലാണ്. ദേവി ജനകവല്ലി തായാര്‍.

രാവിലെ 7.30 തൊട്ട് 12 വരെയും വൈകിട്ട് 4.30 തൊട്ട് 8 വരെയും ദര്‍ശന സൗകര്യമുണ്ടായിരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.