പിണറായിയെ കടന്നാക്രമിച്ച് സിപിഐ റിപ്പോര്‍ട്ട്

Tuesday 30 January 2018 2:50 am IST

കൊട്ടാരക്കര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐയുടെ കൊല്ലം ജില്ലാരാഷ്ടീയ റിപ്പോര്‍ട്ട്. മുന്‍ മന്ത്രി തോമസ് ചാണ്ടിയെ സഹായിക്കാന്‍ മുഖ്യമന്ത്രി രഹസ്യഅജണ്ട നടപ്പാക്കിയെന്ന് കൊട്ടാരക്കരയില്‍ നടന്ന ജില്ലാസമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

മന്ത്രിമാരുടെ മുകളിലൂടെ എല്ലാ വകൂപ്പിലും മുഖ്യമന്ത്രി കൈകടത്തുകയാണ്. കേരളം ഇതുവരെ കാണാത്ത അധികാര പ്രമത്തതയും അപ്രമാദിത്വവുമാണ് പിണറായി പ്രകടിപ്പിക്കുന്നത്. മൂന്നാറിലെ ഒഴിപ്പിക്കലിലും മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ഒത്തു കളിച്ച് കോടാലി വച്ചു. റവന്യൂ മന്ത്രിയെപോലും ഒഴിവാക്കിയായിരുന്നു ഈ നീക്കം. കൈയ്യേറ്റത്തെ അനുകൂലിച്ചുള്ള സിപിഎം നേതാക്കളുടെ നിരന്തര പ്രസ്താവനകള്‍ പൊതുജനങ്ങളില്‍ അവമതിപ്പ് ഉണ്ടാക്കി. 

കുരിശ് നീക്കിയ വിഷയത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. മതമേലധ്യക്ഷന്മാരുടെ ഇടപെടലാണ് പ്രശ്‌നം വഷളാക്കാതിരുന്നത്. കൂട്ടുത്തരവാദിത്വമില്ലാതെയാണ് ഇപ്പോള്‍ മന്ത്രിസഭ പ്രവര്‍ത്തിക്കുന്നത്. ഭരണത്തിന്റെ എല്ലാ മേഖലകളിലും സിപിഎം ധാര്‍ഷ്ട്യം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. എംഎം മണിക്കും തോമസ് ഐസക്കിനുമെതിരെയും രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്.

 

ഉത്തരകൊറിയ; സിപിഎം നയത്തിനെതിരെ സിപിഐ

 

ഉത്തരകൊറിയുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ കാണാതിരിക്കാന്‍ കഴിയില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. കൊട്ടാരക്കരയില്‍ സിപിഐ കൊല്ലം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. ഉത്തരകൊറിയയെ ന്യായീകരിക്കുന്ന സിപിഎമ്മിനുള്ള മറുപടിയാണിത്.

ഉത്തരകൊറിയ സോഷ്യലിസ്റ്റ് രാജ്യമാണെങ്കിലും അവര്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ കാണാതിരിക്കാന്‍ കഴിയില്ല. ചൈനയുടെ സാമ്പത്തികവളര്‍ച്ചയും നയങ്ങളും അവരുടെ സ്വാതന്ത്ര്യമാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചൈന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഉഭയകക്ഷി ചര്‍ച്ച നടത്താറുണ്ട്. അവരുടെ അഭിപ്രായം നമ്മള്‍ സ്വീകരിക്കാത്തതുപോലെ മറ്റു പാര്‍ട്ടികളേയും കണ്ടാല്‍ മതിയെന്നും കാനം പറഞ്ഞു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.