ശിവരാത്രി: മണപ്പുറത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍

Tuesday 30 January 2018 2:45 am IST

കാക്കനാട്: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആലുവ മണപ്പുറത്തും പരിസരത്തും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ശിവരാത്രിയുടെ ഭാഗമായി നടക്കുന്ന വ്യാപാരമേളയില്‍ പങ്കെടുക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുമെന്ന കരാറില്‍ ഒപ്പിട്ടു നല്‍കിയ ശേഷമേ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കാവൂ എന്ന് നഗരസഭയ്ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച് വ്യാപാരികള്‍ക്ക് അവബോധം നല്‍കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും.

ശുചിത്വമിഷനും ഹരിത കേരളം മിഷനും ചേര്‍ന്നായിരിക്കും ഈ വ്യവസ്ഥയ്ക്കുള്ള കരട് തയ്യാറാക്കും. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്വാഡുകളും രംഗത്തിറങ്ങും. സ്റ്റുഡന്റ് വൊളന്റിയേഴ്സിന്റെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. ദേവസ്വം ബോര്‍ഡ് ലൈസന്‍സ് നല്‍കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. 

വ്യാപാര സ്ഥാപനങ്ങളിലും നിന്നുള്ള മാലിന്യങ്ങളുംപുഴയിലേക്ക് തള്ളി പുഴ മലിനപ്പെടുന്നതും  തടയണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡിനാണ് പുഴയിലെ മാലിന്യങ്ങള്‍ നീക്കുന്നതിനുള്ള ഉത്തരവാദിത്വം. ഫെബ്രുവരി 13, 14 തീയതികളില്‍ നടക്കുന്ന ശിവരാത്രി മഹോത്സവത്തിന് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ബലിതര്‍പ്പണത്തിനായി എത്തുന്നത്. കൂടാതെ നഗരസഭയുടെയും ദേവസ്വത്തിന്റെയും ഉടമസ്ഥതയിലുളള 60 ഏക്കറോളം സ്ഥലത്ത് ഒരു മാസം നീളുന്ന വ്യാപാരമേളയും നടക്കും. 

തിരുവൈരാണിക്കുളം ക്ഷേത്രം മോഡലില്‍ ഹരിത നടപടിക്രമം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക്, കുപ്പി, പേപ്പര്‍, തുണികള്‍, ചെരിപ്പുകള്‍ തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ച് സൂക്ഷിച്ച് സംസ്‌കരണ കേന്ദ്രത്തിലേക്ക് അയക്കുന്നതിനുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കും. ആലുവ ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ആലുവ നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ സിജു തോമസ്, ഹരിതകേരളം ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ സുജിത് കരുണ്‍, പോലീസ്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.