കോട്ടയം: മെത്രാന് കായല്‍ പാടത്ത് മരുന്നു തളിക്കാന്‍ ഡ്രോണ്‍. പാടശേഖരങ്ങളിലെ അമ്ലത്വത്തിന് പരിഹാരമായാണ് ഡ്രോണ്‍ ഉപയോഗിച്ചു മരുന്നു തളിച്ചത്. സംസ്ഥാനത്ത് ആദ്യമായിട്ടാണിതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തൊഴിലാളികളുടെ ദൗര്‍ലഭ്യമാണ് പുതിയ വഴി തേടാന്‍ കൃഷിവകുപ്പിനെ പ്രേരിപ്പിച്ചത്. മങ്കൊമ്പ് കീടനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു മരുന്നുതളി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത്.
സിങ്ക്, മാംഗനീസ്, മഗ്നീഷ്യം എന്നിവയുടെ മിശ്രിതമാണ് ഡ്രോണിലെ സ്പ്രെയര്‍ ഉപയോഗിച്ച് തളിച്ചത്. ഗൂഗിള്‍ മാപ്പിലൂടെ റൂട്ട് തയ്യാറാക്കി ഡ്രോണ്‍ പോകേണ്ട സ്ഥലം ആപ്ലിക്കേഷനില്‍ സെറ്റു ചെയ്താണ് പ്രവര്‍ത്തനം. പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഡ്രോണ്‍ നിയന്ത്രിക്കുന്നത്. ബെംഗളൂരൂവിലെ ആര്യന് മാപ്പിങ് സൊലൂഷനാണ് സാങ്കേതിക സഹായം നല്‍കുന്നത്. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോന്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജയലളിത, സെന്റര്‍ ഫോര്‍ പെസ്റ്റ് മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍, ബെംഗളൂരുവില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: