മരമടി മത്സരം; സംഘാടകര്‍ക്കെതിരെ നിയമനടപടിക്ക് ആര്‍ഡിഒ ഉത്തരവ്

Tuesday 30 January 2018 2:45 am IST

മൂവാറ്റുപുഴ: കാക്കൂര്‍ കാളവയല്‍ ആഘോഷത്തിന്റെ ഭാഗമായി കോടതി നിരോധിച്ച മരമടി മത്സരം നടത്തിയ സംഘാടകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് ആര്‍ഡിഒ എസ്. ഷാജഹാന്‍ ഉത്തരവ് നല്‍കി. മൂവാറ്റുപുഴ മൃഗ സംഘടനയായ ദയ സെക്രട്ടറി പി.ബി. രമേഷ്‌കുമാര്‍ നല്‍കിയ പരാതിയിലാണ് നിര്‍ദ്ദേശം. 

2017 മാര്‍ച്ച് 5ന് തിരുമാറാടി പഞ്ചായത്തിലെ കാക്കൂര്‍ പെരുങ്ങാട്ട് പാടശേഖരത്തിലായിരുന്നു മരമടി മത്സരം നടത്തിയത്. ഇതിനെതുടര്‍ന്ന് മാര്‍ച്ച് 6ന് ആര്‍ഡിഒ, കൂത്താട്ടുകുളം പോലീസ് എന്നിവര്‍ക്ക് സംഘാടകര്‍ക്കെതിരെ ദയ പരാതി നല്‍കിയിരുന്നു. ആര്‍ഡിഒയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരുമാറാടി വില്ലേജ് ഓഫീസര്‍ ഏപ്രില്‍ 26ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എടപ്ര ആമ്പാശ്ശേരിക്കാവ് ദേവിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വര്‍ഷംതോറും കാക്കൂര്‍ കാളവയല്‍ കാര്‍ഷികമേള നടത്തിവരുന്നുണ്ടെന്നും എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന കാര്‍ഷികമേളയില്‍ ബൈക്ക്, മഡ്‌റേസ്, കാര്‍ റോഡ്, മഡ് ഫുട്‌ബോള്‍, കാര്‍ഷികസെമിനാറുകള്‍, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തുവാന്‍ നോട്ടീസ് പ്രകാരം അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി മരമടി മത്സരം നടത്തിയതായി പ്രാദേശിക അന്വേഷണത്തിലും മാധ്യമ വാര്‍ത്തയിലും കണ്ടെത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. തുടര്‍ന്ന് 2017 മെയ് 19ന് പരാതിക്കാരനേയും സംഘാടക സമിതി ചെയര്‍മാന്‍ ഒ.എന്‍. വിജയന്‍, ജനറല്‍ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി, ജനറല്‍ കണ്‍വീനര്‍ അനില്‍ ചെറിയാന്‍ എന്നിവരേയും ആര്‍ഡിഒ ഓഫീസില്‍ വിളിച്ചുവരുത്തി വിചാരണ നടത്തി. ഇത് സംബന്ധിച്ച് പരാതിക്കാരന്‍ ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും ഉത്തരവുകള്‍ ഹാജരാക്കി. സംഘാടകര്‍ പരിപാടികള്‍ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. 

എന്നാല്‍ വീണ്ടും ജൂലൈ 26ന് വിചാരണയ്ക്ക് വിളിച്ചെങ്കിലും പരാതിക്കാരന്‍ മാത്രമാണ് ഹാജരായത്. നിലവിലെ സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവ് പ്രകാരം മൃഗങ്ങളെ പ്രദര്‍ശനങ്ങള്‍ക്കുപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാണ് മരമടി മത്സരം നിയമവിധേയമല്ല നടത്തിയതെന്നും മത്സരം സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുന്നതിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടാതെ ഇത്തരം നിയമവിരുദ്ധ മത്സരങ്ങള്‍, പരിപാടികള്‍ ഭാവിയില്‍ നടത്തുന്നതില്‍നിന്നും കക്ഷികളെ വിലക്കികൊണ്ടും പരിപാടികള്‍ തടയുന്നതിന് നടപടി സ്വീകരിക്കുന്നതിനും ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനാവശ്യമായ ഉത്തരവ് നടപ്പാക്കുന്നതിന് തഹസില്‍ദാര്‍ക്കുംനിര്‍ദ്ദേശം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.