അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: ഓസ്‌ട്രേലിയ ഫൈനലില്‍

Tuesday 30 January 2018 2:45 am IST

ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ അവിശ്വസനീയ കുതിപ്പ് നടത്തിയ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയന്‍ യുവനിര ഫൈനലില്‍. ഇന്നലെ നടന്ന സെമിഫൈനലില്‍ ആറ് വിക്കറ്റുകള്‍ക്കാണ് ഓസീസ് തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 48 ഓവറില്‍ 181 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയാകട്ടെ 37.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. 2012നുശേഷം ഓസ്‌ട്രേലിയന്‍ യുവനിരയുടെ ആദ്യ ഫൈനല്‍.

ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെയും ശ്രീലങ്കയെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസിലാന്‍ഡിനെയും തകര്‍ത്ത അഫ്ഗാന്‍ നിരയ്ക്ക് ഓസീസിനെതിരായ സെമിയില്‍ ആ മികവ് ആവര്‍ത്തിക്കാനായില്ല.

65 പന്തില്‍ നിന്ന് എട്ട് ഫോറും രണ്ട് സിക്‌സറുമടക്കം 72 റണ്‍സ് നേടിയ ജാക്ക് എഡ്വേര്‍ഡ്‌സാണ് ഓസീസിന്റെ വിജയശില്‍പ്പി. എഡ്വേര്‍ഡ്‌സാണ് മത്സരത്തിലെ താരം. പരം ഉപ്പല്‍ (47 പന്തില്‍ പുറത്താകാതെ 32), ക്യാപ്റ്റന്‍ ജേസണ്‍ സങ്ക (38 പന്തില്‍ 26), ജൊനാഥന്‍ മെര്‍ലോ (25 പന്തില്‍ 17), നഥാന്‍ മക്‌സ്വീനി (39 പന്തില്‍ 22*) എന്നിവരും ഓസീസ് നിരയില്‍ തരക്കേടില്ലാതെ ബാറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനായി ക്വയ്‌സ് അഹമ്മദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ കഴിയാതിരുന്ന അഫ്ഗാന്‍ നിരയില്‍ നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇക്രം അലി ഖില്‍ അര്‍ദ്ധസെഞ്ചുറി നേടി. 119 പന്തില്‍ നിന്നും എട്ട് ബൗണ്ടറികളോടെ ഇക്രം 80 റണ്‍സെടുത്തു. ഓപ്പണര്‍ റഹ്മനുള്ള ഗര്‍ബാസ് (20), നിസാര്‍ വാഹ്ദത്ത് (11), മുജീബ് (12 നോട്ടൗട്ട്) എന്നിവര്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. 10 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത മെര്‍ലോയുടെ തകര്‍പ്പന്‍ ബൗളിങാണ് അഫ്ഗാനെ ചെറിയ സ്‌കോറിനൊതുക്കിയത്. സാക്ക് ഇവാന്‍സ് രണ്ട് വിക്കറ്റും വീഴ്ത്തി. മൂന്നിന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരവിജയികളാണ് ഓസ്‌ട്രേലിയയുടെ എതിരാളികള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.