കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവാവിന് അഭിഭാഷക രക്ഷകയായി

Tuesday 30 January 2018 2:45 am IST

കൊച്ചി: എറണാകുളം എംജി റോഡിലെ സ്വകാര്യ ലോഡ്ജിന്റെ നാലാം നിലയില്‍ നിന്നും വീണയാള്‍ക്ക് രക്ഷയായത് അഭിഭാഷക. അപകടത്തിന്റെ ഞെട്ടലില്‍ സമീപത്തുണ്ടായിരുന്നവര്‍ മാറി നിന്നപ്പോള്‍ ഹൈക്കോടതി അഭിഭാഷക രഞ്ജിനിയാണ് വീണയാളെ ആശുപത്രിയിലെത്തിച്ചത്. തൃശൂര്‍ കല്ലുവെട്ടുകുഴി സജി ആന്റോ(46) ആണ് ശനിയാഴ്ച വൈകിട്ട് 6.40ന് എറണാകുളം പത്മ ജംഗ്ഷനിലെ ലോഡ്ജില്‍ നിന്നും വീണത്.

സജി ലോഡ്ജിന്റെ ജനാലയിലൂടെയാണ് താഴേയ്ക്ക് വീണത്. പരസ്യബോര്‍ഡിലും ബൈക്കിലും തട്ടി വീണ സജിക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍ ആദ്യം ആരും തയ്യാറായില്ല. പത്ത് മിനിറ്റോളം രക്തം വാര്‍ന്ന സജിയെ അതുവഴിയെത്തിയ അഡ്വ. രഞ്ജിനിയാണ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്. വീഴുന്ന സമയം സമീപത്ത് ഒരു ജീപ്പും ഓട്ടോറിക്ഷയുമുണ്ടായിരുന്നു. എന്നാല്‍ അതിലെ യാത്രക്കാരും അപകടം കണ്ടില്ലെന്ന് നടിച്ചു. സഹായം അഭ്യര്‍ഥിച്ചുവെങ്കിലും ആരും തയ്യാറായില്ല. പിന്നീട് അതുവഴിവന്ന കാര്‍ തടഞ്ഞ് നിര്‍ത്തിയാണ് സജിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലുമെത്തിച്ചത്. 

സംഭവമറിഞ്ഞ് എറണാകുളം സെന്‍ട്രല്‍ പോലീസും കണ്‍ട്രോള്‍ റൂം വാഹനവും സ്ഥലത്തെത്തി. പരിക്ക് ഗുരുതരമായതിനാല്‍ പോലീസ് സഹായത്തോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ട്രോമ കെയറില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് സജി. മുരിങ്ങൂരില്‍ നിന്നും ജോലി തേടി കൊച്ചിയിലെത്തിയ സജി കഴിഞ്ഞ 12നാണ് ലോഡ്ജില്‍ മുറിയെടുത്തത്.

ജീവന്‍ രക്ഷിക്കണമെന്ന ലക്ഷ്യം മാത്രമെ അപ്പോള്‍ തനിക്കുണ്ടായിരുന്നുള്ളുവെന്ന് രഞ്ജിനി പറഞ്ഞു. മകളോടൊപ്പം മെട്രോ സ്‌റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു ഒരാള്‍ തലയിടിച്ച് വീഴുന്നത് കണ്ടത്. കാര്യമായ പരിക്കേറ്റ അയാളുടെ കാല്‍ മുട്ട് പറിഞ്ഞുപോയിരുന്നു. ബോധം നഷ്ടപ്പെട്ടിരുന്നുവെങ്കിലും ജീവനുണ്ടായിരുന്നുവെന്നും രഞ്ജിനി പറഞ്ഞു. പലരോടും സഹായം അഭ്യര്‍ഥിച്ചുവെങ്കിലും ആരും മുന്നോട്ട് വന്നില്ല. പിന്നീട് അതുവഴിവന്ന കാര്‍ തടഞ്ഞു നിര്‍ത്തി മറ്റുള്ളവരുടെ സഹായത്തോടെയാണ് സജിയെ ആശുപത്രിയിലെത്തിച്ചത്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.