കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും

Tuesday 30 January 2018 2:55 am IST

ന്യൂദല്‍ഹി: കാര്‍ഷിക മേഖലയുടെ വികസനവും കര്‍ഷകരുടെ ഉന്നമനവും കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ പരിഗണനകളാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും. അതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കും. ഇ-നാം പോര്‍ട്ടലിലൂടെ ഇപ്പോള്‍ 36,000 കോടി രൂപയുടെ കാര്‍ഷിക വ്യാപാരം നടക്കുന്നുണ്ട്. പതിറ്റാണ്ടുകളായി അനിശ്ചിതാവസ്ഥയിലുള്ള 99 ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കും.

കാര്‍ഷിക നയത്തിന്റെ ഫലമായി പയറുവര്‍ഗ്ഗങ്ങളുടെ ഉത്പാദനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 38 ശതമാനം വര്‍ധിച്ചു. കാര്‍ഷിക വിളകള്‍ കേടുകൂടാതെ സംഭരിക്കാന്‍ പ്രധാനമന്ത്രി കിസാന്‍ സംപത യോജന ആവിഷ്‌കരിച്ചു. ഈ പദ്ധതിയിലൂടെ വില്‍പ്പന ശൃംഖല ആധുനികവത്കരിച്ചു. ക്ഷീരോത്പാദന മേഖലയില്‍ 11000 കോടി രൂപയുടെ ഡയറി പ്രോസസിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ഫണ്ട് രൂപീകരിച്ചു. യൂറിയ ഉത്പാദനം വര്‍ധിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ അഞ്ചിടത്ത് രാസവള പ്ലാന്റുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. സര്‍ക്കാരിന്റെ ശ്രമഫലമായി ഭക്ഷ്യവസ്തുക്കളുടെയും (275 മില്യണ്‍ ടണ്‍) പച്ചക്കറികളുടെയും (300 മില്യണ്‍ ടണ്‍) ഉത്പാദനം റെക്കോര്‍ഡിലെത്തി. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയിലൂടെ കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് നല്‍കുന്നുണ്ട്.

2022ഓടെ എല്ലാവര്‍ക്കും വീടും വൈദ്യുതിയും ലഭ്യമാക്കുമെന്നും ആദ്യ നയപ്രസംഗത്തില്‍ രാംനാഥ് കോവിന്ദ് വ്യക്തമാക്കി. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 93 ലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിച്ചു. മധ്യവര്‍ഗ്ഗത്തിനായി പുതിയ രണ്ട് പദ്ധതികളും ആരംഭിച്ചു. ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്രമന്ത്രിമാര്‍, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍, മുന്‍ അധ്യക്ഷ സോണിയ എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.