ജയരാജന്റെ സ്ഥാനാരോഹണം : സിപിഎം ഔദ്യോഗിക വിഭാഗത്തിനേറ്റ തിരിച്ചടി : വിഭാഗീയത രൂക്ഷമാകും : സാമൂഹ്യ മാധ്യമങ്ങളില്‍ ജയരാജനെ പുകഴ്ത്തി വ്യാപക പോസ്റ്റുകള്‍

Monday 29 January 2018 10:58 pm IST

 

കണ്ണൂര്‍: പി.ജയരാജന്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടര്‍ച്ചയായ മൂന്നാംഘട്ടവും തിരഞ്ഞെടുക്കപ്പെട്ടത് സംസ്ഥാനത്തെ സിപിഎമ്മിനകത്തെ ഔദ്യോഗിക നേതൃത്വത്തിന് കനത്തി തിരിച്ചടിയായി. ഔദ്യോഗിക വിഭാഗത്തിന് ഭൂരിപക്ഷമുളള പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ സകല നിരീക്ഷണങ്ങളും തളളിക്കൊണ്ടാണ് ജയരാജന്‍ വീണ്ടും സെക്രട്ടറി സ്ഥാനത്തെത്തിയിരിക്കുന്നത്. ഇതിനാല്‍ കമ്മറ്റിയുടെ നിരീക്ഷണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ് എന്ന് തെളിഞ്ഞുവെന്നാണ് ജയരാജ അനുകൂലികളുടെ പക്ഷം. 

മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിയുമുള്‍പ്പെടെ മുഴുവന്‍ സമയവും പങ്കെടുത്ത സമ്മേളനത്തില്‍ പി.ജയരാജനെതിരായ സംസ്ഥാനസമിതി തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രബസമായ ഒരു വിഭാഗം പ്രതികരിച്ചതും സമിതിയുടെ വിമര്‍ശനങ്ങള്‍ അതേപടി തളളിയതും ചെറിയ തിരിച്ചടിയൊന്നുമല്ല സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. സംസ്ഥാന സമിതിക്കെതിരായ കുറ്റപ്പെടുത്തലുകള്‍ക്ക് ഒരു ഘട്ടത്തില്‍ മറുപടി പോലും സംസ്ഥാന സെക്രട്ടറിക്കുള്‍പ്പെടെ സാധിക്കാഞ്ഞതും തിരിച്ചടിയായി.

പാര്‍ട്ടി മേല്‍ഘടകങ്ങളുടെ അനുമതി പോലും തേടാതെ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയും പാര്‍ട്ടിക്കകത്ത് സ്വയം മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന ജയരാജന്റെ പാര്‍ട്ടിക്കുളളിലെ നീക്കങ്ങള്‍ക്ക് കച്ചുവിലങ്ങിടുക എന്ന സംസ്ഥാന സമിതിയുടെ നീക്കങ്ങളെല്ലാം ജയരാജന്റെ സെക്രട്ടറി സ്ഥാനത്തേക്കുളള തിരിച്ചുവരവോടെ അപ്രസക്തമായിരിക്കുകയാണ്. താന്‍ പാര്‍ട്ടിക്കുളളില്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവാണെന്നും ആര്‍ക്കും തന്നെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്നും ജയരാജന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്.

ജയരാജനെതിരായ സ്വയം മഹത്വവല്‍ക്കരിക്കുന്നുവെന്ന പരാതി തളളിക്കൊണ്ട് ഇന്നലെ സെക്രട്ടറിയായി തെരഞ്ഞെടുത്തയുടന്‍ തന്നെ ജയരാജനെ പ്രകീര്‍ത്തിച്ചു കൊണ്ട് ജയരാജാനുകൂലികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകളുമായി സജീവമായി. ജയരാജന് തുല്യം ജയരാജന്‍ മാത്രമെന്നും ജയരാജന്‍, ഗര്‍ജ്ജിക്കുന്ന സിംഹമെന്നും, ജയരാജനെ തടയാന്‍ ഒരു ശക്തിക്കും ആവില്ലെന്നുമുളള തരത്തിലുളള പോസ്റ്റുകളാണ് ഫോട്ടോ സഹിതം പാര്‍ട്ടി അണികളും അംഗങ്ങളും ഉള്‍പ്പെടുന്ന സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലും പൊതു ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാന സമിതിയെ അവഹേളിക്കുന്ന തരത്തിലുളള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകള്‍ പാര്‍ട്ടിയില്‍ മഹത്വവല്‍ക്കരണവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നുറപ്പാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.