പാര്‍ട്ടിക്കതീതനെന്ന് തെളിയിച്ച് ജയരാജന്‍ വീണ്ടും സിപിഎം ജില്ലാ സെക്രട്ടറി

Tuesday 30 January 2018 2:53 am IST

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി. ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. ജയരാജന്‍ പാര്‍ട്ടിക്കുളളില്‍ സ്വയം മഹത്വവല്‍ക്കരിക്കുന്നുവെന്ന സംസ്ഥാനസമിതിയുടെ നിരീക്ഷണവും കീഴ്ഘടകങ്ങളില്‍ സംസ്ഥാന സമിതി അവതരിപ്പിച്ച റിപ്പോര്‍ട്ടും  തള്ളിയാണ് ജയരാജനെ വീണ്ടും തെരഞ്ഞെടുത്തത്. സംസ്ഥാനകമ്മിറ്റി ജയരാജനെതിരെ നടത്തിയ വിമര്‍ശനത്തിന്റെ വാര്‍ത്ത ചോര്‍ന്നതിന് സംസ്ഥാന സമിതിക്ക് നേരെ അതിരൂക്ഷമായ വിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്.

ജയരാജന്‍ വീണ്ടും ജില്ലാ സെക്രട്ടറിയായതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.വി. ഗോവിന്ദന്‍, എം.വി. ജയരാജന്‍ ഉള്‍പ്പെടെയുളളവര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. പിണറായി ഉള്‍പ്പെടെയുളള നേതാക്കള്‍, സംസ്ഥാന സമിതിയെ പോലും വകവെയ്ക്കാതെയുളള ജയരാജന്റെ പ്രവര്‍ത്തനത്തെ രൂക്ഷമായി ചര്‍ച്ചയ്ക്കിടയില്‍ വിമര്‍ശിച്ചിരുന്നു. 

എന്നാല്‍ സംസ്ഥാന സെക്രട്ടറിയെ ഉള്‍പ്പെടെ കടന്നാക്രമിച്ച്  ജയരാജന്‍ അനുകൂലികള്‍ ഇവരുടെ വാദങ്ങള്‍ തളളി. സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അവസാന നിമിഷം സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടായി. സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണുംനട്ടിരുന്ന എം.വി. ജയരാജനു വേണ്ടി അവസാന നിമിഷംവരെ ചരടുവലികള്‍ നടന്നു. കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട വിവാദങ്ങളും പാര്‍ട്ടിക്കതീതയായി മാറാനുളള കണ്ണൂര്‍ എംപി പി.കെ. ശ്രീമതിയുടെ ശ്രമങ്ങളും കണ്ണട വിവാദത്തില്‍പ്പെട്ട കെ.കെ. ശൈലജയുടെ നടപടികളും ഇ.പി. ജയരാജന്റെ പ്രവര്‍ത്തന ശൈലിയുമെല്ലാം പി. ജയരാജനെ അനുകൂലിക്കുന്ന വിഭാഗം സംസ്ഥാന നേതാക്കള്‍ക്കെതിരെയുള്ള ആയുധമാക്കി. അറുപത് ശതമാനത്തിലധികവും പി. ജയരാജനു വേണ്ടി വാദിച്ചു. 20 ശതമാനം പേര്‍ മാത്രമാണ് ജയരാജനെ വിമര്‍ശിച്ചത്.

 

സിപിഎം നേതൃത്വത്തിന് തിരിച്ചടി:ജയരാജനെ പുകഴ്ത്തി പോസ്റ്റുകള്‍

കണ്ണൂര്‍: പി.ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി മൂന്നാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടത് സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. 

ജയരാജനെ പ്രകീര്‍ത്തിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ധാരാളമാണ്. ജയരാജന് തുല്യം ജയരാജന്‍ മാത്രമെന്നും ജയരാജന്‍, ഗര്‍ജ്ജിക്കുന്ന സിംഹമെന്നും, ജയരാജനെ തടയാന്‍ ഒരു ശക്തിക്കും ആവില്ലെന്നുമുളള തരത്തിലുളള പോസ്റ്റുകളാണ് ഫോട്ടോ സഹിതം പാര്‍ട്ടി അണികളും അംഗങ്ങളും ഉള്‍പ്പെടുന്ന സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലും പൊതു ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ മുഴുവന്‍ സമയവും പങ്കെടുത്ത സമ്മേളനത്തിലാണ് ജയരാജനെതിരായ സംസ്ഥാനസമിതി തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ ഒരു വിഭാഗം പ്രതികരിച്ചതും സമിതിയുടെ വിമര്‍ശനങ്ങള്‍ അതേപടി തള്ളിയതും. ജയരാജന്‍ അനുകൂലികളുടെ കുറ്റപ്പെടുത്തലുകള്‍ക്ക് മറുപടി പറയാന്‍ പോലും സംസ്ഥാന സെക്രട്ടറിക്ക് സാധിച്ചില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.