കെ‌എസ്‌ആര്‍‌ടിസി:: പെന്‍ഷന്‍ കുടിശികയ്ക്ക് കാരണം സാമ്പത്തിക പ്രതിസന്ധി

Tuesday 30 January 2018 11:07 am IST

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കുമെന്നും, കുടിശിക വന്നത് സാമ്പത്തിക പ്രതിസന്ധി കൊണ്ടാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 

കെ‌എസ്‌ആര്‍‌ടിസിയില്‍ പണം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും പെന്‍ഷന്‍കാരോട് സര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്‌ആര്‍ടിസിയില്‍ വരവിനേക്കാള്‍ ചെലവാണ് കൂടുതലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2017-18ലെ സഞ്ചിത നഷ്ടം 7966 കോടിയാണെന്നും, പുനരുദ്ധാരണ പാക്കേജ് നടപ്പാക്കി വരുന്നുവെന്നും, ഡീസല്‍ വില വര്‍ധന കാരണം 10 കോടിയുടെ അധിക ചെലവാണെന്നും, പ്രഖ്യാപിച്ച തുക നല്‍കാനോ ചുരുങ്ങിയ തുകക്ക് വായ്പ ലഭ്യമാക്കാനോ മുന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

വായ്പാ തിരിച്ചടവില്‍ പ്രതിമാസം 60 കോടി കുറവുണ്ടാകുമെന്നും, ബാങ്ക് കണ്‍സോഷ്യത്തില്‍ നിന്ന് വായ്പ ഫെബ്രുവരിയില്‍ പ്രതീക്ഷിക്കുന്നു, പെന്‍ഷന്‍ ബാധ്യത പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകും, പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയെന്ന വാര്‍ത്ത ശരിയല്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധി സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പെന്‍ഷന്‍ ബാധ്യത തീര്‍ക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് എങ്ങനെ വിശ്വസിക്കാനാകും. ധനമന്ത്രി തോമസ് ഐസക് സഭയില്‍ വരാത്തത് മനപൂര്‍വമാണെന്നും ചെന്നിത്തല പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.