കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി മാണി

Tuesday 30 January 2018 12:09 pm IST

കോട്ടയം: കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ്(എം) മുഖപത്രമായ പ്രതിഛായയില്‍  പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ ലേഖനം. പട്ടയമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ കര്‍ഷക വിരുദ്ധ നിലപാടുകളാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് യുപിഎ ഭരണത്തിലാണെന്നും ലേഖനത്തില്‍ പറയുന്നു. 

അതേസമയം ലേഖനത്തി ല്‍ സിപിഎമ്മിന് യാതൊരു വിമര്‍ശനവുമില്ല. കഴിഞ്ഞ ദിവസം കെപിസിസി രാഷ്ടീയകാര്യസമിതി ചേര്‍ന്ന് മാണിയെ യുഡിഎഫിലേക്ക് മടക്കി കൊണ്ടുവരാന്‍ തീരുമാനമെടുത്തതിന് പിന്നാലെയുള്ള മാണിയുടെ ലേഖനം കോണ്‍ഗ്രസിനുള്ള മറുപടിയായിട്ടാണ് കണക്കാക്കുന്നത്. എല്‍ഡിഎഫ് പ്രവേശനമാണ് മാണി ലക്ഷ്യം വെയ്ക്കുന്നതെന്ന സൂചനയും ലേഖനം തരുന്നുണ്ട്. 

കേന്ദ്രവും കേരളവും കോ ണ്‍ഗ്രസ് ഭരിച്ച സമയത്താണ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് ലേഖനത്തില്‍ പറയുന്നു. കുടിയേറ്റ കര്‍ഷകരെ സംരക്ഷിക്കണമെന്ന നിലപാട് കേരള കോണ്‍ഗ്രസ് സ്വീകരിച്ചു. 

യുപിഎ ഗവണ്‍മെന്റിന്റെ ഈ കര്‍ഷക വിരുദ്ധ നിലപാടുകള്‍ ഏറെ വിഷമിപ്പിച്ചു. കര്‍ഷകര്‍ക്ക് യാതൊരുവിധ സഹായവും ചെയ്യുന്നതിന് യുപിഎ ഗവണ്‍മെന്റ് മുതിര്‍ന്നില്ല. 1982- 87 ഭരണകാലത്ത് കമല്‍നാഥ് കേന്ദ്ര റവന്യൂ മന്ത്രിയായിരുന്നപ്പോള്‍ 58,000 കൃഷിക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് ഉത്തരവായി. എന്നാല്‍ കേന്ദ്ര വനം വകുപ്പ് ഉത്തരവ് തള്ളി. പിന്നീട് നല്‍കിയ പട്ടയ ഉത്തരവിനെ ചിലര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ഇതിന് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളായിരുന്നു.

1974ല്‍ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാ ന്‍ കേരളാ കോണ്‍ഗ്രസ് എകെജിക്കൊപ്പം നിരാഹാര സമരത്തില്‍ പങ്കെടുത്തതും ലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നു. 

മലയോര മേഖലയില്‍ എല്ലാക്കാലത്തും കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ച തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചെന്നാണ് മാണി ലേഖനത്തില്‍ പറയുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.