കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ മുടക്കരുത്: ഹൈക്കോടതി

Wednesday 31 January 2018 2:51 am IST

കൊച്ചി: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ നടപടി വേണമെന്നും ദിവസേനയുള്ള കളക്ഷനില്‍ നിന്ന് നിശ്ചിത ശതമാനം തുക മാറ്റിവച്ച് പെന്‍ഷന്‍ കൃത്യമായി നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ഹൈക്കോടതി. 

പെന്‍ഷന്‍ മുടങ്ങുന്നതിനെതിരെ കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെയുള്ള 11 ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പെന്‍ഷന്‍ മുടങ്ങാതെ വിതരണം ചെയ്യുന്നതിന് എന്തു നടപടിയെടുത്തെന്ന് കെഎസ്ആര്‍ടിസിയും സര്‍ക്കാരും ഫെബ്രുവരി അഞ്ചിനകം അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സുശീല്‍ ഖന്നയുടെ ഇടക്കാല റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരും കെഎസ്ആര്‍ടിസിയും കൂടുതല്‍ സമയം തേടിയതിനാല്‍ ഹര്‍ജികള്‍ ഫെബ്രുവരി ആറിന് വീണ്ടും പരിഗണിക്കാനായി മാറ്റി.

കെഎസ്ആര്‍ടിസിയിലെ ദിവസ കളക്ഷനില്‍ നിന്ന് പത്ത് ശതമാനം തുക ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടായി നിക്ഷേപിച്ച് ഇതില്‍ നിന്ന് തൊഴിലാളികളുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ 2002 നവംബര്‍ 20 ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതേ മാതൃകയില്‍ പെന്‍ഷന്‍ കൃത്യമായി നല്‍കാനാവുമോയെന്ന് പരിഗണിക്കണം.

ഹര്‍ജി പരിഗണിക്കവെ 2017 ജൂണിലും സെപ്തംബറിലും 10,000 രൂപയില്‍ കൂടുതല്‍ പെന്‍ഷനുള്ളവര്‍ക്ക് 10,000 രൂപ വീതം നല്‍കി. ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ പെന്‍ഷന്‍ കുടിശ്ശികയാണെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണത്തില്‍ പങ്കില്ലെങ്കിലും പ്രതിസന്ധിഘട്ടത്തില്‍ പരമാവധി പിന്തുണ നല്‍കിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. നിലവിലുള്ള ഭാരിച്ച വായ്പാത്തിരിച്ചടവാണ് കെഎസ്ആര്‍ടിസിയുടെ മുഖ്യ ബാധ്യതയെന്നും എസ്ബിഐയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച് വായ്പകള്‍ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.