ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

Tuesday 30 January 2018 1:19 pm IST

കൊച്ചി: പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കേസുമായി ബന്ധപ്പെട്ട് പറയാനുള്ളത് കോടതിയില്‍ പറയണം. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നത് കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

പാറ്റൂര്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് കോടതിയില്‍ നിന്ന് ജേക്കബ് തോമസ് തുടര്‍ച്ചയായി വിമര്‍ശനം നേരിടുന്നത്. സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പ് പോലെയാണെന്നായിരുന്നു പരിഹാസം. പൈപ്പിട്ട് മൂടിയ സത്യം-30 സെന്റ്, പൈപ്പിനു മുകളില്‍ പണിതത്-15 നില, സെന്റിനു വില-30 ലക്ഷം, ആകെ മതിപ്പുവില-800 ലക്ഷം, സത്യസന്ധര്‍-5 എന്നതായിരുന്നു പാഠം അഞ്ച്, സത്യത്തിന്റെ കണക്ക് എന്ന തലക്കെട്ടില്‍ വന്ന ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

രണ്ടാഴ്ച മുന്‍പ് ഹര്‍ജി പരിഗണിക്കുമ്പോള്‍ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഊഹാപോഹങ്ങള്‍ മാത്രമാണ് വസ്തുതകളായി പ്രചരിപ്പിക്കുന്നതെന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് വായിച്ചാല്‍ മറ്റെല്ലാവരും അഴിമതിക്കാരാണെന്നാണ് തോന്നുകയെന്നും കഴിഞ്ഞ തവണ കോടതി പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പോസ്റ്റ് നല്‍കിയത്. 

ഏത് ചേതോവികാരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കോടതി ആരാഞ്ഞു. കേസില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.