കോടിയേരിയുടെ മകന്റെ സാമ്പത്തിക തട്ടിപ്പ്; ദുബായ് കമ്പനിയുടെ അന്ത്യശാസനം

Tuesday 30 January 2018 1:30 pm IST

ന്യൂദല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അന്ത്യശാസനവുമായി ദുബായ് കമ്പനി. തിങ്കളാഴ്ചയ്ക്ക് മുന്‍പ് പണം നല്‍കി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പത്രസമ്മേളനം നടത്തി രേഖകള്‍ പുറത്തുവിടുമെന്ന് ജാസ് ടൂറിസം കമ്പനി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖി ബാലകൃഷ്ണനെ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് പത്രസമ്മേളനത്തിന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ പണമടച്ചിട്ടുണ്ട്. ബിനോയിക്കെതിരെ കേസില്ലെന്ന് വിശദീകരിച്ച് മാധ്യമങ്ങളെ പഴിച്ച് വിഷയം അവസാനിപ്പിച്ച സിപിഎമ്മിന് കമ്പനിയുടെ നടപടി പുതിയ ആഘാതമായി. 

 ഒത്തുതീര്‍പ്പിന് രണ്ട് ദിവസമായി മര്‍സൂഖി കേരളത്തിലുണ്ടെന്ന് സിപിഎം നേതാക്കള്‍ സമ്മതിക്കുന്നു. എംഎല്‍എമാരായ കെ.ബി. ഗണേഷ്‌കുമാര്‍, വിജയന്‍ പിള്ള എന്നിവരാണ് ഇടനിലക്കാര്‍. ഉന്നത സിപിഎം നേതാക്കളുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തിയതായാണ് അറിയുന്നത്. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് വിവരം ധരിപ്പിക്കാനും പരാതി നല്‍കാനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാധ്യമങ്ങളിലൂടെ വിവരം ചോരുമെന്നതിനാല്‍ പിണറായി തയ്യാറായില്ലെന്നാണ് സൂചന. വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെ ചെക്ക് കേസില്‍ രണ്ട് വര്‍ഷത്തെ തടവിന് ദുബായ് കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാനും ശ്രമം നടക്കുന്നു. ബിനോയിയുടെ പ്രശ്‌നം ഒതുക്കുന്നതിനൊപ്പം മകനെയും രക്ഷിക്കാനാണ് പിള്ളയുടെ നീക്കം. മന്ത്രി സ്ഥാനം സ്വപ്‌നം കാണുന്ന ഗണേഷ് കുമാര്‍ ആപത്ഘട്ടത്തില്‍ രക്ഷകനായി പാര്‍ട്ടി സെക്രട്ടറിയുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ്.  

സുപ്രീം കോടതി അഭിഭാഷകനായ ഉത്തര്‍പ്രദേഷ് സ്വദേശി രാം കിഷോര്‍ സിങ്ങ് യാദവാണ് പ്രസ്‌ക്ലബ്ബ് ബുക്ക് ചെയ്തത്. ദുബായിയിലെ വിവാദ കേസിനെക്കുറിച്ച് വസ്തുതകളും രേഖകളും മാധ്യമങ്ങളെ അറിയിക്കുന്നതിനാണ് പത്രസമ്മേളനമെന്നും അപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. എല്ലാം അവസാനിപ്പിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് പുതിയ സംഭവങ്ങള്‍. ബിനോയിയുടെ മറ്റ് ഇടപാടുകളുടെ രേഖകളും പുറത്തുവിടുമെന്ന് മര്‍സൂഖി കോടിയേരിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

സമ്മര്‍ദ്ദ തന്ത്രം, നാടകം

ദുബായ് കമ്പനിയുടെ രംഗപ്രവേശനം സമ്മര്‍ദ്ദ തന്ത്രമാണെന്നാണ്  വിലയിരുത്തല്‍. കേസുമായി മുന്നോട്ട് പോകാന്‍ കമ്പനിക്ക് താല്‍പര്യമില്ല. പാര്‍ട്ടിക്ക് മതിയായ സമയം നല്‍കുന്നതിനാണ് ഒരാഴ്ച മുന്‍പ് പത്രസമ്മേളനം ബുക്ക് ചെയ്തത്. 13 കോടി സിപിഎമ്മിനെ സംബന്ധിച്ച് നിസ്സാരമാണെങ്കിലും ദുരൂഹമായ മറ്റ് ഇടപാടുകള്‍ ഇതുമായി ബന്ധപ്പെട്ട് ഉള്ളതിനാലാണ് ഒത്തുതീര്‍പ്പ് വൈകുന്നത്. ബിനോയിയുടെ ദുബായ് ബിസിനസ് എന്താണെന്ന് പാര്‍ട്ടി നേതാക്കള്‍ക്കും അറിയില്ല. 

 മര്‍സൂഖി കേരളത്തിലെത്തിയതിന് പിന്നാലെ ബിനോയ് ദുബായിലെത്തി. പ്രശ്‌നങ്ങള്‍ ദുബായിലാണ് പരിഹരിക്കേണ്ടതെന്ന് ബാലകൃഷ്ണന്‍ ഇന്നലെ പ്രതികരിച്ചതും ശ്രദ്ധേയമാണ്. ഒത്തുതീര്‍പ്പ് ഉടനുണ്ടാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ സിപിഎമ്മിന്റെ വാദങ്ങള്‍ ഏറ്റുപറഞ്ഞ് ബിനോയിയെ വെള്ളപൂശുന്നതാകും മര്‍സൂഖിയുടെ പത്രസമ്മേളനം. മുഖം രക്ഷിക്കാന്‍ സിപിഎം തന്നെയാണ് കമ്പനി ഉടമയെ രംഗത്തിറക്കിയതെന്നും ഇപ്പോഴത്തേത് പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്യുന്ന നാടകമാണെന്നും കരുതുന്നവരുമുണ്ട്. അതിനിടെ, വിവാദത്തിലേക്ക് വലിച്ചിഴച്ചതില്‍ വ്യവസായി രവി പിള്ള സിപിഎം നേതൃത്വത്തെ അതൃപ്തി അറിയിച്ചു. രവി പിള്ളയുടെ സഹായത്തോടെ പ്രശ്‌നം അവസാനിപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.