മാനസിക വൈകല്യമുള്ള സ്ത്രീയ്ക്ക് ക്രൂരമര്‍ദ്ദനം: മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

Tuesday 30 January 2018 5:11 pm IST

ചെറായി: മാനസിക വൈകല്യമുള്ള സ്ത്രീയെ നാട്ടുകാര്‍ നോക്കി നില്‍ക്കേ ഒരു കൂട്ടം സ്ത്രീകള്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം ചട്ടുകം വെച്ച് പൊള്ളിച്ചു. ചെറായി പള്ളിപ്പുറത്താണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. കോണ്‍വെന്റ് കിഴക്ക് വിയറ്റ്‌നാം കോളനിയിലെ കാവാലം കുഴി സിന്‍ട്ര ആന്റണി (48)ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രദേശവാസികളായ മൂന്നു സ്ത്രീകള്‍ അറസ്റ്റിലായി. 

ഞായറാഴ്ച രാത്രിയിലും തിങ്കാളാഴ്ച രാവിലെയുമായാണ് ആക്രമണമുണ്ടായത്. മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ചട്ടുകം വെച്ച് പൊള്ളിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. 

മാനസികാസ്വാസ്ഥ്യമുള്ള സിന്‍ട്ര പരിസരവാസികളായ രണ്ട് വീട്ടമ്മമാരെയും മറ്റ് ചിലരെയും കഴിഞ്ഞദിവസം ആക്രമിച്ചിരുന്നു. കൂടാതെ അസഭ്യം പറയുകയും ചെയ്തു. ശല്യമേറിയതോടെ നാട്ടുകാര്‍ ഇവര്‍ക്കെതിരെ പോലീസില്‍ പരാതിയും നല്‍കി. ഇതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയാണ് ഞായറാഴ്ച രാത്രി ഒരുസംഘം സിന്‍ട്രയെ ആക്രമിച്ചത്. ഒരു ചായക്കടയില്‍ ഇരുന്ന് ചായ കുടിക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചത്. 

മര്‍ദ്ദനമേറ്റ സിന്‍ട്രയെ മുനമ്പം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാനസിക വിഭ്രാന്തിയുള്ളതിനാല്‍ അഡ്മിറ്റ് ചെയ്യാന്‍ കൂട്ടാക്കിയില്ല. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. ഞായറാഴ്ച സിന്‍ട്ര നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പള്ളിപ്പുറം കൈപ്പാശ്ശേരി  വീട്ടില്‍ ലിജി അഗസ്റ്റിന്‍ (47) അച്ചാരുപറമ്പില്‍ മോളി(44,) പാറക്കാട്ടില്‍  ഡീന (37) എന്നിവരാണ്  അറസ്റ്റിലായത്.    സിന്‍ട്രയുടെ ഭര്‍ത്താവ്  ആന്റണി  നല്‍കിയ പരാതിയില്‍ ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജിന്റെ നിര്‍ദ്ദേശാനുസരണം മുനമ്പംഎസ് ഐ ടി.വി. ഷിബുവാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.