കോര്‍പ്പറേഷന്‍ പരിധിയില്‍ ബിനാമി കച്ചവടക്കാരെ കണ്ടെത്താന്‍ കൗണ്‍സില്‍ തീരുമാനം

Tuesday 30 January 2018 5:43 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ വിവിധ കെട്ടിടങ്ങളില്‍ ബിനാമി കച്ചവടം നടത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. കോര്‍പ്പറേഷനില്‍ നിന്ന് കെട്ടിടങ്ങള്‍ അഞ്ഞൂറ് രൂപയ്‌ക്കോ ആയിരം രൂപയ്‌ക്കോ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്ത് ഭീമമായ ദിവസവാടകയ്ക്ക് ബിനാമികള്‍ക്ക് കച്ചവടം നല്‍കാന്‍ മറിച്ച് നല്‍കുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു മുറിയില്‍ തന്നെ ഒന്നില്‍ കൂടുതല്‍ കച്ചവടം നടക്കുന്ന സാഹചര്യവുമുണ്ട്. യഥാര്‍ത്ഥ ലൈസന്‍സിയാണോ കച്ചവടം നടത്തുന്നതെന്ന് കണ്ടെത്താന്‍ ധനകാര്യ സ്റ്റാന്റിങ് കമ്മറ്റിയെ ചുമതലപ്പെടുത്താനും തീരുമാനമമായി. 

ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കുന്നതില്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ പ്രായോഗികമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ചിലര്‍ക്ക് 10 ശതമാനം ലൈസന്‍സ് ഫീസ് വര്‍ദ്ധനവ് വരുമ്പോള്‍ മറ്റ് ചിലര്‍ക്ക് 40 ശതമാനം വരെ ലൈസന്‍സ് ഫീസില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. ഇത് പ്രായോഗികമല്ല. 

മൈതാനപ്പള്ളി സ്ലം കോളനിയിലെ കെട്ടിടം കൈമാറി ആധാരം ചെയ്ത് പോക്കുവരവ് നല്‍കിയതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. നഗരസഭയുമായി ബന്ധപ്പെട്ട ഉടമ്പടി പ്രകാരം സ്ലം കോളനിയിലെ കെട്ടിടം കൈമാറാന്‍ പാടില്ലാത്തതാണ്. ഇത്തരത്തില്‍ കെട്ടിടം കൈമാറി പിഴയടച്ചാല്‍ മതിയെന്ന മാനദണ്ഡം വന്നാല്‍ ഏത് കെട്ടിടവും ആര്‍ക്കും കൈമാറാമെന്ന സാഹചര്യം വരും. എന്നാല്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് കെട്ടിടം കൈമാറ്റം കൗണ്‍സില്‍ അംഗീകരിച്ചു.

ഫെബ്രുവരി 3 ന് കേന്ദ്ര ഭവന ധനകാര്യ മന്ത്രാലയം മാലിന്യ പരിപാലനച്ചട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് കണ്ണൂര്‍ കോര്‍പറേഷനില്‍ നടത്തുന്ന സെമിനാറിന്റെ തിയ്യതി മാറ്റണമെന്ന ലീഗ് അംഗങ്ങളുടെ ആവശ്യം ഏറെനേരം തര്‍ക്കത്തിന് കാരണമായി. എന്നാല്‍ രാജ്യത്തെ എഴുപത് നഗരങ്ങളില്‍ നടക്കുന്ന പരിപാടി മാറ്റാന്‍ സാധിക്കില്ലെന്ന് മേയര്‍ തീരുമാനമറിയിച്ചു. ഹരിത കേരള മിഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം ഡ്രൈ വേസ്റ്റ് കളക്ഷന് വീടൊന്നിന് 100 രൂപയെന്നത് അംഗങ്ങളുടെ കൂട്ടായ എതിര്‍പ്പിനെ തുടര്‍ന്ന് 50 രൂപയായി കുറച്ചു. ഹരിതകര്‍മ്മ സേനയില്ലാത്ത സ്ഥലങ്ങളില്‍ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനും കൗണ്‍സിലില്‍ തീരുമാനമായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.