തൈപ്പൂയ മഹോത്സവം ഇന്ന്

Wednesday 31 January 2018 2:22 am IST


ആലപ്പുഴ: സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ തൈപ്പൂയ മഹോത്സവം ഇന്ന്, ഹരഹരോ ഹരഹര മന്ത്രവുമായി ആയിരക്കണക്കിന് ഭക്തര്‍ ഇന്ന് കാവടിയാടും.
  ചന്ദ്രഗ്രഹണം മൂലം ഇന്ന് വൈകിട്ടു കാവടികളുമായി എത്തുന്ന ഭക്തര്‍ നേരത്തേ ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്നു ഗ്രഹണ ശേഷം രാത്രി ഒന്‍പതോടെ ക്ഷേത്രനടകള്‍ തുറക്കും.
  കാവടി വരവ്, അഭിഷേകം, സുബ്രഹ്മണ്യ പൂജ, കലാപരിപാടികള്‍ എന്നിവയോടെ തൈപ്പൂയം ആഘോഷിക്കും. ചില ക്ഷേത്രങ്ങളില്‍ പതിവിന് വിരുദ്ധമായി രാവിലെ കാവടി വരവ് നടക്കും.
  ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നിനു കാവടിവരവ് ആരംഭിക്കും.  രാവിലെ എണ്ണക്കാവടിയും ഉച്ചയ്ക്കു 12ന് ബ്രാഹ്മണ സമൂഹത്തിന്റെ നേതൃത്വത്തില്‍ കളഭക്കാവടിയും ഉച്ചകഴിഞ്ഞു മൂന്നിന് പാല്‍, ശര്‍ക്കര, കാവടികളും എത്തിച്ചേരും.
  ഗ്രഹണം മൂലം വൈകിട്ടു നാലരയോടെ ഗോപുരവാതില്‍ അടയ്ക്കും. പിന്നീട് രാത്രി ഒന്‍പതിനു ശേഷം നട തുറന്നു പൂജകള്‍ ആരംഭിക്കും. കുങ്കുമം, ഭസ്മം, പുഷ്പ കാവടികളുടെ അഭിഷേവും നടക്കും.
  തെക്കനാര്യാട് തെക്കന്‍പഴനി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍  ഉച്ചകഴിഞ്ഞു മൂന്നിനു കാവടി ഘോഷയാത്ര കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട് അഞ്ചിനു ക്ഷേത്രത്തില്‍ എത്തും. 6.30നു നട അടയ്ക്കും രാത്രി എട്ടിന് ആലപ്പുഴ ആഞ്ജനേയ ഓര്‍ക്കസ്ട്രയുടെ ഗാനമേള. തുടര്‍ന്ന് ആറാട്ട് എഴുന്നള്ളത്ത്.
  ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തില്‍ രാവിലെ 7.30നു പൂയം തൊഴല്‍. തുടര്‍ന്നു തൈപ്പൂയ അര്‍ച്ചന ആദ്യപ്രസാദം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഏറ്റുവാങ്ങും. 11ന് ആറാട്ട് പുറപ്പാട്, 3.30നു എഴുന്നള്ളത്ത്.
  അമ്പലപ്പുഴ നവരാക്കല്‍ ക്ഷേത്രത്തില്‍ രാവിലെ ഏഴിനു മൂടമ്പാടി ക്ഷേത്രത്തില്‍ നിന്നു കാവടി ഘോഷയാത്ര എത്തും. വണ്ടാനം സുബ്രഹ്മണ്യ ക്ഷേത്രം, പുന്നപ്ര സുബ്രഹ്മണ്യ ക്ഷേത്രം, തോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലും പ്രത്യേക പൂജകള്‍, കാവടി വരവ് എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.