കൈപൊള്ളിച്ച് വെളിച്ചെണ്ണ

Tuesday 30 January 2018 8:14 pm IST
തൃശൂര്‍: മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ വെളിച്ചെണ്ണയ്ക്ക് ദിനംപ്രതി വിലകയറുന്നു. കിലോയ്ക്ക് 250 രൂപയാണ് ഇന്നലെ തൃശൂരിലെ പൊതുവിപണിവില. കഴിഞ്ഞവര്‍ഷം ഇതേസമയം കിലോക്ക് 150 രൂപയായിരുന്നു. നാളികേര ഉത്പാദനത്തിലുണ്ടായ ഇടിവാണ് വില കുത്തനെ ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ചെറുകിട മില്ലുകളില്‍ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയ്ക്ക് 250 രൂപയിലധികം വില നല്‍കേണ്ടിവരും. ഓയില്‍ മില്ലുകളിലേക്കു കൊപ്ര എത്താത്താണ് വെളിച്ചെണ്ണ വില ഉയരാന്‍ കാരണമെന്നാണു വ്യാപാരികളുടെ വാദം. തമിഴ്‌നാട്ടില്‍ ഉത്പാദനം ആരംഭിച്ചതുമൂലം കൊപ്രയുടെ വരവും ഗണ്യമായി കുറഞ്ഞു. ചെറുകിട വ്യാപാരികള്‍ തേങ്ങ ഉണക്കി കൊപ്രയാക്കുന്നതില്‍ നിന്നു പിന്മാറിയതും വെളിച്ചെണ്ണ വില ഉയരാന്‍ ഇടയാക്കി. ഉത്പാദനച്ചെലവ് കിട്ടാത്തതാണ് ചെറുകിട ഉത്പാദകരെ പിന്നോട്ടടിച്ചത്. കേരകര്‍ഷകര്‍ നാളികേരമായി തന്നെ വില്‍പ്പന നടത്തുന്നതും കൊപ്ര ക്ഷാമത്തിന് കാരണം. എണ്ണയിലും വ്യാജന്‍ വിലവര്‍ധന മുതലെടുത്ത് വെളിച്ചെണ്ണ വിപണിയില്‍ വ്യാജന്മാര്‍ വിലസുന്നു. ബ്രാന്‍ഡഡ് കമ്പനികളുടെ പേരുകളിലാണിത്. ലിക്വിഡ് പാരഫിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കലര്‍ന്ന എണ്ണകള്‍ വെളിച്ചെണ്ണയെന്ന പേരില്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു. ലിറ്ററിന് 20 രൂപയുള്ള വൈറ്റ് ഓയില്‍ എന്ന രാസവസ്തു വെളിച്ചെണ്ണയില്‍ കലര്‍ത്തിയും വിപണിയിലെത്തിക്കുന്നു. യഥാര്‍ത്ഥ കമ്പനികളുടെ രേഖകളെല്ലാം വ്യാജ വെളിച്ചെണ്ണ പാക്കറ്റുകളിലും രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ വ്യാജനെ കണ്ടുപിടിക്കുക പ്രയാസം. വിലക്കുറവിനൊപ്പം കച്ചവടക്കാര്‍ക്ക് കമ്മീഷനും കൂടുതലാണ്. അതുകൊണ്ട് വിപണികളില്‍ വ്യാജന്മാര്‍ക്ക് ഡിമാന്‍ഡേറി. ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 17 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംസ്ഥാനത്ത് നിരോധിച്ചിരുന്നു. ക്വിന്റലിന് 18,900 വെളിച്ചെണ്ണ ക്വിന്റലിന് 18900 രൂപയായിരുന്നു ഇന്നലെത്തെ വിപണി വില. കൊപ്രയ്ക്ക് ക്വിന്റലിന് 13,400 രൂപയാണ്. നാളികേരം കിലോയ്ക്ക് 50 രൂപ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.