ഗുജറാത്ത് മാതൃക: മാലിന്യത്തില്‍ നിന്ന് വൈദ്യുതി പദ്ധതിയുമായി കോര്‍പ്പറേഷന്‍

Wednesday 31 January 2018 2:00 am IST
രാഷ്ട്രീയ നിലനില്‍പ്പിന് ബിജെപിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തെ എതിര്‍ക്കുന്നെങ്കിലും, ഗുജറാത്ത് മോഡല്‍ പദ്ധതി തൃശൂരിലും നടപ്പാക്കാന്‍ കോര്‍പ്പറേഷനൊരുങ്ങുന്നു.

 

 തൃശൂര്‍: രാഷ്ട്രീയ നിലനില്‍പ്പിന് ബിജെപിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തെ എതിര്‍ക്കുന്നെങ്കിലും, ഗുജറാത്ത് മോഡല്‍ പദ്ധതി തൃശൂരിലും നടപ്പാക്കാന്‍ കോര്‍പ്പറേഷനൊരുങ്ങുന്നു. കീറാമുട്ടി പ്രശ്‌നമായ മാലിന്യസംസ്‌കരണത്തിന് പരിഹാരമായാണ് ഗുജറാത്തിലെ സൂറത്തില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് മാതൃകയില്‍ തൃശൂരിലും സ്ഥാപിക്കാന്‍ ആലോചിക്കുന്നത്. സൂറത്ത് ആസ്ഥാനമായുള്ള മഹാവീര്‍ എക്കോ പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടേതാണ് പ്ലാന്റ്.

സൂറത്തിലെ പ്ലാന്റില്‍ മാലിന്യത്തില്‍ നിന്ന് ആവിയും, ആവിയില്‍ നിന്ന് പാചകവാതകവും, വൈദ്യുതിയും ഉത്പദിപ്പിക്കുന്നുണ്ട്. തൃശൂരില്‍ ഇത് മാലിന്യത്തില്‍ നിന്ന് വൈദ്യുതി മാത്രം ഉത്പാദിപ്പിക്കാനാണ് പദ്ധതി. കുറഞ്ഞ സ്ഥല സൗകര്യം മതിയാകും. മണമോ, മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളുമില്ല. മാലിന്യ സംസ്‌കരണ പദ്ധതിയില്‍ താത്പര്യപത്രം ക്ഷണിച്ചിരുന്നതില്‍ നാല് കമ്പനികളാണ് കോര്‍പ്പറേഷനുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതില്‍ പ്രയോജനകരവും, കുറഞ്ഞ ചെലവുമായി കണ്ടെത്തിയത് മഹാവീര്‍ എക്കോ പ്രൊജക്ടിന്റേതാണ്. ഇവരുടെ ക്ഷണമനുസരിച്ച് പദ്ധതി നടപ്പിലാക്കുന്ന സൂറത്തിലെ പ്ലാന്റ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി, മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘവും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.

ലാലൂരിലേക്കുള്ള മാലിന്യ നീക്കം അവസാനിപ്പിച്ചതോടെ തകരാറിലായ നഗരത്തിലെ മാലിന്യപ്രശ്‌നം ഇപ്പോഴും തലവേദനയാണ്. 10 കോടി ചിലവ് വരുമെന്നാണ്  കണക്ക് കൂട്ടിയിരിക്കുന്നത്. പ്രതിവര്‍ഷം മാലിന്യ നീക്കത്തിന് ഇത്ര തുക കോര്‍പ്പറേഷന് വരുന്നുണ്ടെന്നിരിക്കെ, ഒരു വര്‍ഷത്തെ മാലിന്യ സംസ്‌കരണത്തിനുള്ള തുക പദ്ധതിക്കായി വിനിയോഗിച്ചാല്‍ മാലിന്യ സംസ്‌കരണത്തിനൊപ്പം വൈദ്യുതി ഉത്പാദനത്തിലൂടെ അധിക വരുമാനം കൂടി കോര്‍പ്പറേഷന് ലഭിക്കും. ഇതോടൊപ്പം അടുത്ത വര്‍ഷങ്ങളില്‍ മാലിന്യ സംസ്‌കരണത്തിന് ചെലവ് കാണേണ്ടിയും വരില്ല. വൈദ്യുതിയാക്കി മാറ്റിയതിന് ശേഷം അവശേഷിക്കുന്നത് നേരിയ മണ്‍തരിയാണ്. ഇത് നികത്താനോ, ഇഷ്ടികയ്‌ക്കോ മറ്റ് ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കാമെന്നതും നേട്ടം. കമ്പനി സ്വകാര്യ മേഖലയിലേതായതിനാല്‍ സര്‍ക്കാര്‍ അനുമതിയും സാങ്കേതികാനുമതിയുള്‍പ്പെടെ ലഭിക്കേണ്ടതുണ്ട്. എങ്കിലേ നടപ്പിലാകു. 

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ എം. എല്‍. റോസി, നികുതി അപ്പീല്‍കാര്യ കമ്മിറ്റി ചെയര്‍മാന്‍ പി. സുകുമാരന്‍, സിപിഎം അംഗം സതീഷ് ചന്ദ്രന്‍, കോണ്‍ഗ്രസ് അംഗം കെ.വി. ബൈജു, ബിജെപി അംഗം എം.എസ്. സമ്പൂര്‍ണ്ണ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യു. രാജന്‍ എന്നിവരും മറ്റ്  ഉദ്യോഗസ്ഥരും സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.