ഈശ്വരപ്രേമവും ലോകത്തോടുള്ള കാരുണ്യവും രണ്ടല്ല: മാതാ അമൃതാനന്ദമയി

Wednesday 31 January 2018 2:00 am IST

 

കൊടുങ്ങല്ലൂര്‍: ഈശ്വര പ്രേമവും ലോകത്തോടുള്ള കാരുണ്യവും രണ്ടല്ലെന്നും ഒന്നിന്റെ തന്നെ രണ്ടു മുഖങ്ങളാണെന്നും മാതാ അമൃതാനന്ദമയി ദേവി. 

കൊടുങ്ങല്ലൂര്‍ ബ്രഹ്മസ്ഥാന മഹോത്സവത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അമ്മ. ആരുടെ കാലുകളാണോ കഷ്ടപ്പെടുന്നവരെ സഹായിക്കാനായി കുതിക്കുന്നത്, ഏതു കൈകളാണോ ദു:ഖിതര്‍ക്കാശ്വാസമെത്തിക്കുവാന്‍ വെമ്പുന്നത്, ആരുടെ കണ്ണുകളാണോ കാരുണ്യത്താല്‍ ഈറനണിയുന്നത്, ആരാണോ വേദനയനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം പകരുന്നത് അയാളാണ് യഥാര്‍ത്ഥ ഈശ്വരപ്രേമി. പ്രായം കൊണ്ടു വളരുക എന്നാല്‍ അത് മരണത്തിലേക്കുള്ള യാത്രയാണ്. എന്നാല്‍ പക്വതയിലൂടെ വളരുകയെന്നത് അമരത്വത്തിലേയ്ക്കുള്ള യാത്രയാണ്. പക്വതയുടെ വളര്‍ച്ച മനുഷ്യനു മാത്രമുള്ള ഗുണമാണ്. അത് നമ്മുടെ ഉള്ളില്‍ നടക്കുന്ന പ്രക്രിയയാണെന്നും അദ്ധ്യാത്മികമായ അറിവാണ് ഇത് സാധ്യമാക്കുന്നതെന്നും അമ്മ പറഞ്ഞു. ബ്രഹ്മസ്ഥാനത്ത് നടന്ന ശനി പൂജയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് രാജശേഖരന്‍, ധീവരസഭ പ്രസിഡന്റ് ജോഷി ബ്ലാങ്ങാട്ട്, സിനിമാ താരം പത്മപ്രിയ, ഡോ. രാധാകൃഷ്ണന്‍, കെ.പി. ധനപാലന്‍ തുടങ്ങിയവര്‍ അമ്മയെ ഹാരമണിയിച്ചു. 

തുടര്‍ന്ന് അമ്മയുടെ സത്സംഗം, ഭജന, ദര്‍ശനം എന്നിവ നടന്നു. രണ്ടു ദിവസങ്ങളിലായി നടന്ന മഹോത്സവത്തില്‍ രണ്ട് ലക്ഷത്തോളം പേര്‍ പങ്കെടുത്തു. ഇന്ന് കാലത്ത് അമ്മ അമൃതപുരിയിലേക്ക് മടങ്ങും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.