ഇലക്ട്രിക് വഴിയേ മാരുതി ഇസര്‍വൈവര്‍

Wednesday 31 January 2018 2:45 am IST

രാജ്യം ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് പായുമ്പോള്‍ മാരുതി സുസുകിക്കും അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. കാരണം, മറ്റു കമ്പനികള്‍ ഇലക്ട്രോണിക് കാറുകള്‍ ഓടിച്ച് ക്ലിക്കാക്കിയത് ജനപ്രിയ കാര്‍ കമ്പനിയായ മാരുതിയും കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ഒരു ഇലക്ട്രിക് എസ് യുവിയുമായി മാരുതി എത്തും. ഇസര്‍വൈവര്‍ എന്ന് പേരിട്ടിരിക്കുന്ന ഇത് മാരുതിയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാറാകും.  

ഇലക്ട്രിക് കാറുകള്‍ക്ക് പൊതുവേ കരുത്ത് കുറവാണെന്നും ഒറ്റച്ചാര്‍ജ്ജില്‍ അധിക ദൂരം താണ്ടാനാവില്ലെന്നുമുള്ള ചീത്തപ്പേര് നിലവിലുണ്ട്. ഇത് ഇല്ലാതാക്കാന്‍ ഒട്ടുമിക്ക കമ്പനികളും ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, മാരുതി അക്കാര്യത്തില്‍ മുന്നിലാണ്. ഏതു പാതയിലൂടെയും എളുപ്പത്തില്‍ സഞ്ചരിക്കാന്‍ ഇസര്‍വൈവറിന് കഴിയും. ഓഫ് റോഡ് യാത്രയ്ക്ക് പറ്റിയ മികച്ച ഇലക്ട്രിക് കാറായിരിക്കുമിതെന്ന് പറയാം. കാറിന്റെ കൂടുതല്‍ ഫീച്ചറുകള്‍ അറിയാന്‍ ഇനി കുറച്ചുദിവസം കൂടി കാത്തിരുന്നാല്‍ മതി. ഓട്ടോ എക്‌സ്‌പോയില്‍ കാര്‍ അവതരിപ്പിക്കുന്നതിനൊപ്പം ഫീച്ചറുകളും പുറത്തുവിടും. കഴിഞ്ഞ വര്‍ഷം ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കരുത്തുറ്റ ഇസര്‍വൈവര്‍ എന്ന എസ്‌യുവി മാരുതി അവതരിപ്പിച്ചത്. 

രൂപത്തിലും ഡിസൈനിലും മാരുതിയുടെ മറ്റു കാറുകളേക്കാള്‍ മേലെയായിരിക്കും ഇസര്‍വൈവര്‍. പക്ഷേ, ഒരു കുഴപ്പം, തുറന്ന റൂഫുള്ള ഇതില്‍ രണ്ടുപേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ.  ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ വീല്‍ ആര്‍ക്ക്, ഇതുവരെ കാണാത്ത ഇന്റീരിയര്‍ മികവ് എന്നിവ ഇസര്‍വൈവറിനെ വ്യത്യസ്തമാക്കുന്നു. നിരത്തിലെ ദൃശ്യങ്ങള്‍ ക്യാമറയിലൂടെ പകര്‍ത്തി െ്രെഡവറുടെ മുന്നിലെത്തിക്കുന്നതിനാല്‍ സുരക്ഷിതമായിരിക്കും ഓരോ യാത്രയും. 2020 ഓടെ വാണിജ്യാടിസ്ഥാനത്തില്‍ ഇത് പുറത്തിറങ്ങും. 

ഇ-വാഹനങ്ങള്‍ വാങ്ങാന്‍ ഇളവുകള്‍

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇനി നല്ല കാലം. ജിഎസ്ടി നിരക്ക് കുറച്ചും വരുമാന നികുതി നേട്ടവും നല്‍കിയാണ് ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമായി കുറയും. കേന്ദ്രബജറ്റില്‍ ഇളവുകള്‍ പ്രഖ്യാപിക്കും. 

2030 ഓടെ പൊതുഗതാഗത സംവിധാനം മുഴുവനായും ഇലക്ട്രിക് വാഹനങ്ങളാക്കും. വ്യക്തിഗതവാഹനങ്ങളില്‍ 40 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കാനുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രം 10,000 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നുണ്ട്. 

നിലവില്‍ രാജ്യത്തെ വാഹനവില്‍പ്പനയുടെ ഒരുശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങള്‍. ഇത് പടിപടിയായി ഉയര്‍ത്താനാണ് ഇളവുകള്‍ 

ജപ്പാന്‍ കീഴടക്കി ഇന്ത്യയിലേക്ക്

മാക്‌സി സ്‌കൂട്ടറുകള്‍ ജപ്പാനിലെ നിരത്തുകള്‍ നേരത്തെ കീഴടക്കിയിരുന്നു. ഇന്ത്യന്‍ നിരത്തുകളിലേക്ക് മാക്‌സി സ്‌കൂട്ടറുകളെ ഓടിച്ചുവിടാന്‍ യമഹ അത്ര താല്‍പര്യം കാണിച്ചിരുന്നില്ല. പക്ഷേ, ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോയിലൂടെ മാക്‌സി സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് യമഹ. 

യമഹ എറോക്‌സ് 155 മാക്‌സി സ്‌കൂട്ടറാണ് ഇവിടെ അവതരിപ്പിക്കുക. പതിവ് സ്‌കൂട്ടര്‍ സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റി മറിച്ചായിരിക്കും അതിന്റെ വരവ്. സ്‌പോര്‍ട്ടീ രൂപത്തിലുള്ള ഡിസൈന്‍ ന്യൂജനറേഷന്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.  മുന്‍ ഭാഗത്തിന് ഹോണ്ടയുടെ ഡിയോയുമായി ചെറിയ സാമ്യമുണ്ടെന്നത് ഒഴിച്ചാല്‍, തീര്‍ത്തും വ്യത്യസ്തനാണ് എറോക്‌സ് മാക്‌സി സ്‌കൂട്ടര്‍. 

5.8 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റല്‍ ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പും ടെയില്‍ ലാമ്പും, മൊബൈല്‍ ചാര്‍ജിങ് സംവിധാനം,  സ്റ്റാന്‍ഡേര്‍ഡ് ആന്റി ലോക്ക് ബ്രേക്കിങ്, സീറ്റിനടയില്‍ 25 ലിറ്റര്‍ സംഭരണ ശേഷി തുടങ്ങിയവയെല്ലാം എല്ലാവരെയും ആകര്‍ഷിക്കുമെന്നത് ഉറപ്പ്. കരുത്തേറിയ സ്‌കൂട്ടറിന് 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. 15 പിഎസ് കരുത്തും 13.8 എന്‍എം ടോര്‍ക്കുമേകും. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന സ്‌കൂട്ടര്‍ താമസിയാതെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 

തിരിച്ചുവിളിയുടെ വിശ്വാസ്യത

കാറിന് എന്തെങ്കിലും തകാരുണ്ടെന്ന് കണ്ടെത്തിയാല്‍, തിരിച്ച് വിളിച്ച് സൗജന്യമായി അത് പരിഹരിച്ചുകൊടുക്കുന്നതാണ് കമ്പനികളുടെ രീതി. ഉപഭോക്താവിന്റെ വിശ്വാസ്യത നേടിയെടുക്കാന്‍ ഇതുവഴി സാധിക്കും. റെനോ ക്വിഡിന്റെ കാര്യത്തിലും അത്രയേ സംഭവിച്ചിട്ടുള്ളൂ. സ്റ്റിയറിംഗ് സംവിധാനത്തിന് തകാരാറുള്ളതായി സംശയം തോന്നിയതാണ് 800 സിസി ക്വിഡിനെ കമ്പനി തിരിച്ചു വിളിക്കാന്‍ കാരണം. കാറുകള്‍ പരിശോധിച്ച് തകരാറുകളുണ്ടെങ്കില്‍ പരിഹരിച്ച് നല്‍കും. 

തകരാറുകളെ തുടര്‍ന്ന് വാഹനം തിരിച്ചുവിളിച്ചാല്‍  അത്തരം കാറുകള്‍ വാങ്ങാന്‍ ആളുകള്‍ മടി കാണിക്കും. പക്ഷേ, ക്വിഡിന്റെ കാര്യത്തില്‍ അങ്ങനെയല്ല. 2016 ഒക്ടോബറില്‍  അരലക്ഷം 800 സിസി ക്വിഡിനെ റെനോ തിരിച്ചുവിളിച്ചിട്ടുണ്ട്. ഫ്യുവല്‍ ഹോസിനും ക്ലിപ്പിനുമുള്ള തകരാര്‍ പരിശോധിക്കാനായിരുന്നു അന്ന് തിരിച്ചുവിളിച്ചത്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.