വാഹനമോഷണം കൂടുന്നു; പ്രതികള്‍ ഏറെയും കുട്ടികള്‍

Wednesday 31 January 2018 2:00 am IST

 

ആലപ്പുഴ: ജില്ലയില്‍ വാഹനമോഷണങ്ങള്‍ വ്യാപകമാകുന്നു. യുവാക്കളുടെ സ്പെഷലിസ്റ്റ് സംഘങ്ങള്‍ സജീവം. നിരവധി വാഹന മോഷണക്കേസുകളാണു ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കഴിഞ്ഞ മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 18 നും 25 നും മധ്യേ പ്രായമുള്ളവരാണ് ഇത്തരം കേസുകളില്‍ കുടുതലായും ഉള്‍പ്പെട്ടിട്ടുള്ളതെന്നാണു പോലീസ് വിലയിരുത്തല്‍. 

 ഇരുചക്ര വാഹനങ്ങളാണ് കൂടുതലും മോഷണം പോകുന്നത്. പാര്‍ക്കിങ് ഏരിയകളില്‍നിന്നാണു ഭൂരിഭാഗം വാഹനങ്ങളും മോഷണം പോയിരിക്കുന്നത്. 

 വാഹനമോഷണക്കേസുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് സംശയിച്ചിരുന്നെങ്കിലും പിന്നീട് ജില്ലയിലെ തന്നെ ചെറുപ്പക്കാരിലേയ്ക്ക് അന്വേഷണം നീങ്ങുകയായിരുന്നു. മോഷ്ടിക്കപ്പെടുന്ന വാഹനങ്ങള്‍ മറ്റുകുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ചശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടു കിട്ടുന്നതായാണു ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ വിവരം. 

 വാഹനമോഷണ സംഘങ്ങള്‍ കഞ്ചാവ്-മയക്കുമരുന്നു വില്‍പ്പന രംഗത്തും സജീവമാണെന്നാണു സംശയിക്കപ്പെടുന്നത്. മോഷ്ടിച്ച വാഹനങ്ങള്‍ ഇവര്‍ മയക്കുമരുന്നുകള്‍ കടത്താന്‍ ഉപയോഗിക്കും. പിടിക്കപ്പെടുന്ന ഘട്ടമെത്തിയാല്‍ വാഹനം ഉപേക്ഷിച്ചു കടന്നുകളയുകയും ചെയ്യുകയാണ് പതിവ്. 

 കഴിഞ്ഞ ദിവസം ബൈക്കുകള്‍ മോഷ്ടിച്ചതിന് ആലപ്പുഴ നഗരത്തിന് തെക്ക് ഭാഗത്തുള്ള പ്രമുഖ സ്‌ക്കൂളിലെ നാല് പ്‌ളസ് ടൂ വിദ്യാര്‍ത്ഥികളെ നെടുമുടി പോലീസ് പിടികൂടിയിരുന്നു. ഇവര്‍ക്കെതിരെ മൊബൈല്‍ ഷോപ്പിലെ മോഷണത്തിനും കേസുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.