മലയാളി വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം: ഉത്തരേന്ത്യക്കാര്‍ കൊച്ചിയിലേക്ക് മാറി

Wednesday 31 January 2018 2:00 am IST

 

കുട്ടനാട്: പുളിങ്കുന്ന് എഞ്ചിനീയറിങ് കോളേജില്‍ തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചതിനു പിന്നാലെ ഒരു വിഭാഗം അദ്ധ്യാപകരുടെ പിന്തുണയോടെ മലയാളി വിദ്യാര്‍ത്ഥികള്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു. മൂന്ന് ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. 

  ജീവഭയത്താല്‍ നൂറ്റമ്പതോളം ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുസാറ്റിന്റെ കൊച്ചി കാമ്പസിലേക്ക് പഠനം മാറ്റി. ഇന്നു പരീക്ഷ തുടങ്ങുന്ന സാഹചര്യത്തിലാണ് ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പുളിങ്കുന്നില്‍ നിന്ന് മാറിയത്. ഒരുവിഭാഗം അദ്ധ്യാപകരുടെ പിന്തുണയോടെ മലയാളി വിദ്യാര്‍ത്ഥികള്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുകയായിരുന്നു. ചോദ്യം ചെയ്തവരെ ക്രൂരമായി മര്‍ദ്ദിച്ചു. 

  രാവിലെ പ്രിന്‍സിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രകടനം നടത്തിയതിനു പിന്നാലെയായിരുന്നു മലയാളി വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം. ആരോപണ വിധേയനായ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍കുമാറിനെ പിന്തുണച്ചാണ് മലയാളി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. നേരത്തെ കോളേജില്‍ സംഘടിപ്പിച്ച സെമിനാറിലാണ് വെജിറ്റബിള്‍ കട്‌ലറ്റ് എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് ബീഫ് കട്‌ലറ്റ് ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. 

  സസ്യഭുക്കുകളായ ഇവര്‍ക്ക് ഇത് മനോവിഷമമുണ്ടാക്കി. ഇതിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. നേരത്തെ സരസ്വതി പൂജയ്ക്കും പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ വിലക്ക് ഏര്‍പ്പടുത്തിയിരുന്നു. ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഭാഷയുടെ പേരിലും വിശ്വാസങ്ങളുടെ പേരിലും വിവേചനം ഏര്‍പ്പെടുത്തി പീഡിപ്പിക്കുകയും വിദ്യാര്‍ത്ഥികളില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കുന്നതിലും പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം തുടങ്ങാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് സമര സമിതി രൂപീകരിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.