വീടുലഭിക്കാന്‍ റേഷന്‍കാര്‍ഡ്; ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ നെട്ടോട്ടമോടുന്നു

Wednesday 31 January 2018 2:50 am IST

കോഴിക്കോട്: ലൈഫ് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാന്‍ റേഷന്‍കാര്‍ഡ് വേണമെന്ന നിബന്ധന ഗുണഭോക്താക്കളെ ദുരിതത്തിലാക്കുന്നു. വീടും പുരയിടവും ഇല്ലാത്ത പാവപ്പെട്ടവര്‍ക്കായി ആരംഭിച്ച പദ്ധതിക്ക് റേഷന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയതാണ് ഗുണഭോക്താക്കളെ വലയ്ക്കുന്നത്. 

എല്ലാ ഭൂരഹിത- ഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷം കൊണ്ട് വീടുകള്‍, തൊഴില്‍ ചെയ്ത് ഉപജീവനത്തിനുള്ള സംവിധാനം, സേവന- ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കും, തുടങ്ങിയ ലക്ഷ്യത്തോടെയാണ് ലൈഫ് പദ്ധതി തുടങ്ങിയത്. ഭൂമിയുള്ള ഭവനരഹിതര്‍, സര്‍ക്കാര്‍ സഹായം അപര്യാപ്തമായതിനാല്‍ വീടുപണി പൂര്‍ത്തിയാക്കാത്തവര്‍, സര്‍ക്കാര്‍ നല്‍കിയ വീടുകള്‍ വാസയോഗ്യമല്ലാതായവര്‍, പുറമ്പോക്കിലോ തീര, തോട്ടം മേഖലയിലോ താല്‍കാലിക വീടുള്ളവര്‍, ഭൂമിയും ഭവനവും ഇല്ലാത്തവര്‍ എന്നിവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഇതനുസരിച്ച് ഗുണഭോക്താക്കളുടെ പട്ടികയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി. ആനൂകൂല്യം ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡ് വേണമെന്ന നിബന്ധന വന്നതോടെ പുറമ്പോക്കിലെയും തോട്ടങ്ങളിലെയും താത്കാലിക വീടുള്ളവര്‍ക്കും ഭൂമിയും ഭവനവും ഇല്ലാത്തവര്‍ക്കും ആനുകൂല്യം നല്‍കാനാകാത്ത സ്ഥിതിയാണ്.

സ്വന്തമായി വീടുള്ളവര്‍ക്ക് മാത്രമാണ് റേഷന്‍കാര്‍ഡ് ഉണ്ടാകുക. ഇതോടെ വീടുള്ളവര്‍ക്കേ ലൈഫ് പദ്ധതിയില്‍ ആനുകൂല്യം കിട്ടൂ എന്ന വിചിത്ര സ്ഥിതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വീട്ടുനമ്പര്‍ ഉണ്ടെങ്കിലേ റേഷന്‍ കാര്‍ഡ് നല്‍കാനാകൂ എന്ന കടുംപിടുത്തത്തിലാണ് ഭക്ഷ്യവിതരണ വകുപ്പ്. 

പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായും വേണം. അല്ലെങ്കില്‍ റേഷന്‍കാര്‍ഡില്‍ പേരുള്ളവരാകണം. ഇതാണ് ഭക്ഷ്യവിതരണ വകുപ്പിന്റെ നിയമം. സ്വന്തമായി വീടില്ലാത്തവര്‍ക്ക് ഓണര്‍ഷിപ്പ് ഹാജരാക്കാനാകില്ല. കൂടാതെ വീടും വസ്തുവും ഇല്ലാത്തവര്‍ക്ക് വരുമാനസര്‍ട്ടിഫിക്കറ്റ് ലഭിക്കാനും ബുദ്ധിമുട്ടാണ്.

താത്കാലിക റേഷന്‍കാര്‍ഡ് ലഭിക്കണമെങ്കിലും ഏതെങ്കിലും വീടിന്റെ ഉടമസ്ഥാവകാശമോ വീട്ടുനമ്പരോ വേണം. വാടകയക്ക് താമസിക്കുന്നവരാണെങ്കില്‍ വീട്ടുടമസ്ഥന്റെ സമ്മതപത്രം മുദ്രപ്പത്രത്തില്‍ നല്‍കണം. എന്നാല്‍ വീട്ടുടമസ്ഥര്‍ ഇതിനു വിസമ്മതിക്കുന്നു. ചേരിയില്‍ താമസിക്കുന്നവരെന്നോ പുറമ്പോക്കിലെ താമസക്കാരെന്നോ സൂചിപ്പിച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഏകജാലക സോഫ്റ്റ് വെയറില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടുത്താതെ അപേക്ഷ സമര്‍പ്പിക്കാനാകില്ല. അതായത് വീടുലഭിക്കാന്‍ റേഷന്‍കാര്‍ഡും റേഷന്‍ കാര്‍ഡിന് വീടും വേണമെന്ന സ്ഥിതിയാണ്. വീട് തകര്‍ന്നവര്‍ക്കുള്ള സഹായം നല്‍കാന്‍ വീട്ടുനമ്പര്‍ സോഫ്റ്റ്‌വെയറില്‍ നല്‍കിയാല്‍ അവര്‍ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെയും വെട്ടിലാക്കുന്നു. ലൈഫ് പട്ടികയിലുള്ളവരില്‍ കൂടുതലും അനര്‍ഹരരാണെന്ന് നേരത്തെ ആരോപണമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.