സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു; തീരത്തിപ്പോഴും ദുരിതം

Wednesday 31 January 2018 2:50 am IST

തിരുവനന്തപുരം: ഓഖി നാശം വിതച്ചിട്ട് രണ്ട് മാസം പിന്നിട്ടു. തീരദേശത്തെ ആശങ്കകള്‍ക്ക് പരിഹാരം കാണാതെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ഒളിച്ചുകളി തുടരുകയാണ്. കാണാതായവരുടെയും തിരിച്ചെത്താനുള്ളവരുടെയും മരിച്ചവരുടെയും കണക്കുകളില്‍  വൈരുദ്ധ്യം തുടരുകയാണ്. അതേസമയം ദുരന്തമുഖത്തുനിന്ന് രക്ഷപ്പെട്ട് കരയിലെത്തിയ മത്സ്യത്തൊഴിലാളികള്‍ തൊഴില്‍ചെയ്യാനാകാതെ ഭീതിയില്‍ വീടുകളില്‍തന്നെ കഴിയുകയാണ്. ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ പ്രതീക്ഷയോടെ തീരത്ത് കണ്ണും നട്ടിരിക്കുന്നവരുടെ എണ്ണവും ഏറെയാണ്.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരുവനന്തപുരം പൊഴിയൂര്‍ വില്ലേജിലെ 49 കാരനായ അലക്‌സാണ്ടര്‍ കടലില്‍നിന്നും രക്ഷപ്പെട്ടെത്തിയത് മറ്റുള്ളവരുടെ കുടുംബക്കാര്‍ക്കും പ്രതീക്ഷ നല്‍കുകയാണ്. ആഴക്കടലില്‍ കട്ടമരത്തില്‍ പിടിച്ച് കിടക്കുന്ന നിലയില്‍ അബോധാവസ്ഥയിലായിരുന്ന അലക്‌സാണ്ടറെ വിഴിഞ്ഞത്തുനിന്ന് ബോട്ടില്‍ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.

ഇങ്ങനെ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട് കരയിലെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങളാല്‍ തൊഴിലിനു പോകാനാകുന്നില്ല. ഉറ്റവര്‍ നഷ്ടപ്പെട്ട കുടുംബങ്ങളിലെ അവസ്ഥയും മറ്റൊന്നല്ല. പലരും ദുരന്തത്തിനു ശേഷമുള്ള മാനസ്സികാഘാതത്തില്‍നിന്നും മുക്തരായിട്ടില്ല.

നവംബര്‍ മുപ്പതിനുണ്ടായ ഓഖി ദുരന്തത്തില്‍ നൂറിലേറെപ്പേരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവുമില്ല. പൊഴിയൂര്‍ വില്ലേജില്‍ മാത്രം ഇനിയും 13 പേര്‍ തിരിച്ചെത്താനുണ്ട്. സര്‍ക്കാര്‍ കണക്കുകളില്‍ തിരുവനന്തപുരത്ത് മാത്രം 48 പേരും കൊല്ലത്തും കൊച്ചിയിലും ഒരാള്‍ വീതവും അങ്ങനെ 50 പേര്‍ മരണപ്പെട്ടെന്നാണ്. അതേസമയം ലത്തീന്‍ സഭയുടെ കണക്കില്‍ കേരളത്തില്‍ 55 പേരും തമിഴ്‌നാട്ടില്‍ 35 പേരും മരണപ്പെട്ടു. കാണാതായവര്‍ തിരുവനന്തപുരത്ത് മാത്രം 113 പേരും തമിഴ്‌നാട്ടില്‍ 118 പേരുമെന്നാണ് സഭ പറയുന്നത്. 

ദുരന്ത ബാധിതരായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അടിയന്തര സഹായമായി 10,000 രൂപ വീതമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുവരെ തിരിച്ചെത്താത്തവരുടെ കുടുംബങ്ങള്‍ക്ക് മൂന്നു മാസത്തിനു ശേഷം നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തത്തിനുശേഷം രണ്ടുമാസം പിന്നിട്ടിരിക്കുന്നു. ഓഖി ദുരന്തത്തിന് മുന്നോടിയായി എടുക്കേണ്ട നടപടികള്‍ പോലെയാണ് ശേഷവും സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.