സിപിഐ സമ്മേളനം: കാനത്തിന് രൂക്ഷ വിമര്‍ശനം

Wednesday 31 January 2018 2:30 am IST

കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഐ കൊല്ലം ജില്ലാസമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലാണ് കാനം രാജേന്ദ്രനെതിരെയും ഭക്ഷ്യമന്ത്രി പി. തിലോത്തമനെതിരെയും വിമര്‍ശനമുയര്‍ന്നത്. 

ജില്ലാ സമ്മേളനത്തില്‍ ആദ്യമായാണ് പാര്‍ട്ടി സെക്രട്ടറിയ്ക്ക് നേരെ രൂക്ഷവിമര്‍ശനമുണ്ടായത്. അതും പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള ജില്ലയില്‍ നടന്ന സമ്മേളനത്തില്‍. മാധ്യമങ്ങള്‍ക്കു മുന്നില്‍ ഗീര്‍വാണം മുഴക്കുന്ന കാനം, റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യനെ മാറ്റുന്നതില്‍ പരാജയപ്പെട്ടെന്നാണ് പ്രതിനിധികള്‍ വിമര്‍ശിച്ചത്.

ഭക്ഷ്യമന്ത്രി പി. തിലോത്തമനെതിരെയും പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തി. സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. അത് തടഞ്ഞുനിര്‍ത്താന്‍ ഒരു ചുക്കും മന്ത്രി ചെയ്യുന്നില്ലെന്നു തുറന്നടിച്ച പ്രതിനിധികള്‍, ചന്ദ്രശേഖരന്‍ നായരെ പോലെയുള്ള മഹാന്മാര്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് തിലോത്തമന്‍ ഓര്‍ക്കണമെന്നും ചൂണ്ടിക്കാട്ടി. 

പാര്‍ട്ടി മന്ത്രിമാര്‍ തമ്മില്‍ ഏകോപനമില്ലെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. പല കാര്യങ്ങളിലും മന്ത്രിമാര്‍ വിരുദ്ധാഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ഉദ്യോഗസ്ഥഭരണമാണ് പല വകുപ്പുകളിലും നടക്കുന്നത്. ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രിമാര്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.