ഐസക്കിന്റെ കസര്‍ത്തുകള്‍

Wednesday 31 January 2018 2:45 am IST
സംസ്ഥാനത്ത് ഓട്ടിസം ബാധിതരായ അഞ്ചുലക്ഷത്തോളം കുട്ടികള്‍ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഓട്ടിസം പാര്‍ക്ക് അനുവദിച്ച് ബജറ്റ് പ്രഖ്യാപനമുണ്ടായി. ഓട്ടിസം ബാധിതര്‍ക്ക് വേണ്ടിയുള്ള സ്ഥിരം സംവിധാനം എന്ന നിലയില്‍ ഉദ്ദേശിച്ച പദ്ധതി പക്ഷേ കടലാസില്‍ പോലും കാണാനില്ല എന്നതാണ് ഒരുവര്‍ഷം പിന്നിടുമ്പോഴുള്ള ചിത്രം.

ഡോ.തോമസ് ഐസക്ക് പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് മറ്റെന്നാള്‍  അവതരിപ്പിക്കുകയാണ്. 2006-11 കാലത്തെ വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയിലും ഐസക്ക് ധനമന്ത്രിയായിരുന്നു. ഇപ്പോള്‍ അവതരിപ്പിക്കുന്നത് എട്ടാമത്തെ ബജറ്റാണ്. 

സംസ്ഥാനത്ത് ഓട്ടിസം ബാധിതരായ അഞ്ചുലക്ഷത്തോളം കുട്ടികള്‍ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഓട്ടിസം പാര്‍ക്ക് അനുവദിച്ച് ബജറ്റ് പ്രഖ്യാപനമുണ്ടായി. ഓട്ടിസം ബാധിതര്‍ക്ക് വേണ്ടിയുള്ള സ്ഥിരം സംവിധാനം എന്ന നിലയില്‍ ഉദ്ദേശിച്ച പദ്ധതി പക്ഷേ കടലാസില്‍ പോലും കാണാനില്ല എന്നതാണ് ഒരുവര്‍ഷം പിന്നിടുമ്പോഴുള്ള ചിത്രം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരുമെന്നതും ജലരേഖയായി. ബജറ്റ് അവതരിപ്പിക്കപ്പെട്ട 2017 മാര്‍ച്ച് മൂന്നു മുതല്‍ 2018 ജനുവരി വരെ ഇതിനായി ഒരൊറ്റ യോഗമാണ് ജീവനക്കാരുടെ സംഘടനകളുമായി ചേര്‍ന്നത്. ഇന്‍ഷുറന്‍സ് പദ്ധതിക്കായി ഏത് കമ്പനിക്ക് കരാര്‍ കൊടുക്കണമെന്നുമാത്രമായിരുന്നു അതില്‍ ചര്‍ച്ച. സര്‍ക്കാര്‍ തലത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട പദ്ധതികളുടെ കൂട്ടത്തിലായി ഇതും.

ജൈവസംരക്ഷണ ഭിത്തിയുടെ പദ്ധതി കുറച്ചെങ്കിലും നടപ്പാക്കിയിരുന്നെങ്കില്‍ എന്നാണ് കടല്‍ക്കയറ്റംകൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന തീരദേശവാസികള്‍ ആഗ്രഹിക്കുന്നത്. വീടുകള്‍ കടല്‍ക്ഷോഭ കാലയളവില്‍ തകരുന്നതും ഇല്ലാതാകുന്നതും തുടരുകയാണ്. ഓഖി ചുഴലിക്കാറ്റിലൂടെയുണ്ടായ ജീവഹാനിയും നാശനഷ്ടവും സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമാണെന്ന് അവര്‍ക്ക് പരാതിയുണ്ട്. 

കശുവണ്ടിമേഖലയില്‍ എല്ലാവര്‍ക്കും തൊഴില്‍സുരക്ഷ എന്ന വാഗ്ദാനം ജലരേഖയായി. മൂന്നു ലക്ഷത്തിലേറെ തൊഴിലാളികളാണ് കൊല്ലത്ത് ഈ വ്യവസായ മേഖലയിലുള്ളത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ണമായി തുറക്കുമെന്ന് പറഞ്ഞ ഫാക്ടറികളൊന്നും ഇടതുസര്‍ക്കാര്‍ തുറന്നിട്ടില്ല. കാഷ്യുകോര്‍പ്പറേഷന്റെയും കാപ്പക്‌സിന്റെയും ഫാക്ടറികളില്‍ മൊത്തം തൊഴിലാളികളുടെ ഇരുപത് ശതമാനം മാത്രമാണ് പണിയെടുക്കുന്നത്. ബാക്കി എണ്‍പത് ശതമാനം തൊഴിലാളികളും സ്വകാര്യ കശുവണ്ടി ഫാക്ടറികളിലാണ്. പാര്‍ട്ടിതലത്തിലും ട്രേഡ് യൂണിയന്‍ തലത്തിലുമുള്ള ഭീഷണികളിലൂടെ മുതലാളിമാരെ വിരട്ടി ഫാക്ടറികള്‍ തുറക്കാനാവുമെന്ന് സ്വപ്‌നം കാണുകയാണ് ഇപ്പോഴും ഭരണകര്‍ത്താക്കള്‍. 

പാലക്കാട് ജില്ല കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ താപനില അനുഭവപ്പെടുന്ന കൊല്ലം ജില്ലയിലെ പുനലൂരില്‍ റോസ്മല എന്നൊരു പ്രദേശമുണ്ട്. മലമുകളിലാണ് ഈ പ്രദേശം. ഇരുന്നൂറോളം വീടുകള്‍ ഈ പ്രദേശത്തുണ്ട്. അരനൂറ്റാണ്ടിലേറെയായി വൈദ്യുതിവകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടത്തുകാര്‍ക്ക് ഇന്നും വൈദ്യുതിയില്ല. ഇതുപോലെ നിരവധി റോസ്മലകള്‍ സംസ്ഥാനത്തുണ്ട്. 2018 മാര്‍ച്ച് 31നകം എല്ലാ വീടുകളിലും വൈദ്യുതി എന്ന ബജറ്റ് പ്രഖ്യാപനം പരിശോധിച്ചാല്‍ പരാജയത്തിന്റെ അഗാധഗര്‍ത്തം കാണാം. 174 കോടി രൂപയാണ് പദ്ധതിക്കായി കഴിഞ്ഞവര്‍ഷം ബജറ്റില്‍ വകയിരുത്തിയത്. 

നദികളെ തന്നെ ജലസംഭരണിയാക്കുന്ന പദ്ധതി കഴിഞ്ഞ ബജറ്റിന്റെ ആകര്‍ഷണീയതയായിരുന്നു. റെഗുലേറ്ററുകളും തടയണകളും വഴിയാണിത്. വേനല്‍ക്കാലത്തെ ഓരുവെള്ളക്കയറ്റത്തിന് പ്രതിവിധിയായും ഇത് അവതരിപ്പിക്കപ്പെട്ടു. ഭാരതപ്പുഴ, പെരിയാര്‍, ചാലിയാര്‍ എന്നിവിടങ്ങളില്‍ ഇത്തരം ഇടപെടല്‍ ഫലപ്രദമാണെന്നും പരാമര്‍ശിച്ചിരുന്നു. ഓരുവെള്ള നിയന്ത്രണത്തിനും, വേനല്‍ക്കാലത്ത് വരള്‍ച്ചയുടെ കാഠിന്യം കുറയ്ക്കുന്നതിനും കുപ്പം, വളപട്ടണം, അഞ്ചരക്കണ്ടി, മാഹി, കുറ്റ്യാടി, കടലുണ്ടി, മൂവാറ്റുപുഴ, അച്ചന്‍കോവില്‍, മണിമല, വാമനപുരം, കരമന തുടങ്ങി ഇരുപതോളം നദികളില്‍ ഉചിതസ്ഥാനങ്ങളില്‍ റെഗുലേറ്ററുകള്‍ സ്ഥാപിക്കാന്‍ 600 കോടിയുടെ ഫണ്ടാണ് ബജറ്റില്‍ കഴിഞ്ഞ തവണ ഉള്‍പ്പെടുത്തിയിരുന്നത്.

ലോട്ടറി വിറ്റുവരവില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 18 ശതമാനം വരുമാന വര്‍ധനയുണ്ടായി. മദ്യവും ലോട്ടറിയുമാണ് സര്‍ക്കാരിന്റെ പ്രധാന വരുമാനസ്രോതസ്സ്. ഇതിനു കൊടുക്കുന്ന ശ്രദ്ധയും സമയവും വിഭവശേഷിയും ആഭ്യന്തര ടൂറിസം രംഗത്ത് പതിയണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പക്ഷേ മദ്യത്തിനും ലോട്ടറിക്കും പിന്നില്‍ അടിയുറച്ചുനില്‍ക്കാനാണ് സര്‍ക്കാരിന് താല്‍പര്യം.

ആലപ്പുഴയില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ദേശീയനിലവാരത്തില്‍ എത്തിക്കുമെന്നായിരുന്നു 2008 ബജറ്റില്‍ ഐസക്ക് സ്വന്തം മണ്ഡലക്കാര്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനം. ഇതിനായി പത്ത് കോടി രൂപ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പറഞ്ഞ ധനമന്ത്രി സംസ്ഥാനത്തിന്റെ വകയായി 3.50 കോടി രൂപയും വകയിരുത്തി. കൊച്ചി മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി നാലുകോടി രൂപയും, ഹജ്ജ് ഹൗസ് നിര്‍മിക്കാന്‍ നോര്‍ക്കയുടെ പേരില്‍  25 ലക്ഷം രൂപയും നീക്കിവച്ചു. ഇഎംഎസ് ഭവനനിര്‍മാണ പദ്ധതി അവതരിപ്പിക്കപ്പെട്ടതും ഈ ബജറ്റിലാണ്. നിര്‍മാണത്തിന്റെ ചുമതല സംസ്ഥാന ഹൗസിങ് ബോര്‍ഡിന് നല്‍കിയാണ് പദ്ധതി വിഭാവനം ചെയ്തത്. പത്താം വര്‍ഷത്തില്‍ പരിശോധിക്കുമ്പോള്‍ അമ്പേ പരാജയപ്പെട്ടതായാണ് അനുഭവം. ഇഎംഎസ് ഭവനങ്ങള്‍ പലതും കാലക്രമത്തില്‍ തകര്‍ച്ചയിലായതിന്റെ ഫലമായി 2018-ല്‍ ലൈഫ് പദ്ധതിയില്‍പ്പെടുത്തി പുനര്‍നിര്‍മിച്ചുനല്‍കാനാണ് നീക്കം. 2022-ല്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്‌കരിച്ച പദ്ധതിയാണ് 'ലൈഫ്' എന്ന പേരില്‍ പിണറായി സര്‍ക്കാര്‍  നടപ്പാക്കുന്നത്. 

ഏതുകാലത്തും കേന്ദ്രസര്‍ക്കാരിനെ  കുറ്റംപറയാന്‍ ധനമന്ത്രി എന്ന നിലയില്‍ തോമസ് ഐസക്ക് മടിക്കാറില്ല. ഓരോ വര്‍ഷവും ബജറ്റിനെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ പാര്‍ട്ടിക്കാര്‍ കൈകാര്യം ചെയ്‌തോളും എന്ന തിണ്ണമിടുക്കാണ്. 2008-ലെ ബജറ്റില്‍ യുപിഎ സര്‍ക്കാരിനെ അടച്ചാക്ഷേപിച്ചു. 2017-ലെ ബജറ്റില്‍ എന്‍ഡിഎ സര്‍ക്കാരിനെ അധിക്ഷേപിച്ചു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച ധനമന്ത്രി ഈ വര്‍ഷം ജിഎസ്ടിയുടെ ചുമലില്‍ സ്വന്തം കുറവുകള്‍ കെട്ടിവയ്ക്കാനാണ് നീക്കം. 

2017-ലെ ബജറ്റില്‍ കാര്‍ഷിക-പരമ്പരാഗത മേഖലകളിലെ ഭീതിദമായ സാഹചര്യത്തിന് കാരണക്കാര്‍ കേന്ദ്രസര്‍ക്കാരും നോട്ടുനിരോധനവുമാണെന്ന് കുറ്റപ്പെടുത്തുന്നു. കാര്‍ഷികപ്രതിസന്ധി കേരളത്തില്‍ രൂക്ഷമാക്കിയത് കേന്ദ്രമാണെന്നും, നാണ്യവിളകളെ കാര്‍ഷികപരിധിയില്‍ ഉള്‍ക്കൊള്ളിച്ചില്ലെന്നും പറയുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കും സംസ്ഥാനത്തിന്റെ ഉല്‍പാദനമുരടിപ്പിനും കാരണമായതെല്ലാം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു ഔത്സുക്യം. 

കേരളത്തിന്റെ പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയെ പത്ത് വര്‍ഷം മുമ്പേ കൈവിട്ടയാളാണ് ധനമന്ത്രി ഐസക്ക്. തകര്‍ച്ചയുടെ പടുകുഴിയില്‍ കിടക്കുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി എന്ന് 2008ല്‍ അവതരിപ്പിച്ച ബജറ്റില്‍ വിശേഷിപ്പിച്ചു. ഇതിന് കാരണമായി  കെടുകാര്യസ്ഥതയും അക്കമിട്ടുനിരത്തുന്നു.  അവസാന ബജറ്റില്‍ (2011) കെഎസ്ആര്‍ടിസിയുടെ പിടിപ്പുകേടിനെ വിമര്‍ശിച്ച ധനമന്ത്രി പത്ത് മാസത്തിനകം 121 കോടി രൂപ അനുവദിച്ചിട്ടും സ്ഥാപനം നഷ്ടത്തിലാണെന്ന് രേഖപ്പെടുത്തി. കെടിഡിഎഫ്‌സിക്ക് പ്രതിമാസം 20 കോടി രൂപ പലിശ കൊടുക്കുന്ന സ്ഥിതി ഇല്ലാതായാല്‍ മാത്രമേ സ്ഥാപനം രക്ഷപ്പെടൂവെന്ന് പറഞ്ഞ ധനമന്ത്രി പക്ഷേ അപ്പോഴും ആയിരം പുതിയ ബസുകള്‍ വാങ്ങാനുള്ള പണം അനുവദിച്ചു എന്നത് ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. 

2017 എത്തിയപ്പോള്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സമ്പൂര്‍ണമായി അഴിച്ചുപണിയാനായിരുന്നു ബജറ്റ് നിര്‍ദേശം. ഇതിനായി നിരവധി കാര്യങ്ങളും അക്കമിട്ടു നിരത്തി. എന്നാല്‍  സ്ഥാപനം കുടൂതല്‍ കടക്കെണിയില്‍ അകപ്പെടുകയാണുണ്ടായത്. പുനരുദ്ധാരണപാക്കേജ് ഫലപ്രദമാകുന്നതുവരെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ബജറ്റില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പെന്‍ഷന്‍കാര്‍ ഇന്നും ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. മറ്റുള്ളവരാകട്ടെ ആത്മഹത്യയുടെ വക്കിലാണ്. സ്ഥാപനത്തിനായി ആയുസ്സും ആരോഗ്യവും ഹോമിച്ചവര്‍ക്ക് പെന്‍ഷന്‍ കിട്ടിയിട്ട് ആറുമാസമായി. ഇനി വിഷുവോ ഓണമോ എത്തുമ്പോള്‍ മാത്രമേ പെന്‍ഷന്‍ കിട്ടൂ എന്ന അവസ്ഥയാണ്. 

കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് റെക്കോര്‍ഡിട്ടിരുന്നു. കൂടുതല്‍ സമയമെടുത്ത് പ്രസംഗം പൂര്‍ത്തിയാക്കിയതിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് തകര്‍ത്തത്. രണ്ടു മണിക്കൂറും 56 മിനിട്ടുമെടുത്താണ് ഐസക്ക് പ്രസംഗം പൂര്‍ത്തിയാക്കിയത്. പ്രസംഗത്തിനപ്പുറം പ്രവൃത്തിയില്‍ ഒന്നും കണ്ടില്ല എന്ന സത്യം നിലനില്‍ക്കുമ്പോഴാണ് വീണ്ടുമൊരു ബജറ്റുമായി ഐസക്ക് എത്തുന്നത്. പദ്ധതിയേതര ചെലവുകള്‍ പരമാവധി വെട്ടിച്ചുരുക്കിയും, പദ്ധതിക്ക് പുറത്തുള്ള പ്രഖ്യാപനങ്ങള്‍ ഒഴിവാക്കിയുമാകും ജിഎസ്ടിക്കു ശേഷമുള്ള ആദ്യബജറ്റ്  ഐസക്ക് അവതരിപ്പിക്കുക. കഴിഞ്ഞ വര്‍ഷം എംടിയോടായിരുന്നു പ്രിയമെങ്കില്‍ മുന്‍കാലങ്ങളില്‍ മഹാഭാരതത്തോടും മുഹമ്മദ് ബഷീറിനോടും പാത്തുമ്മയുടെ ആടിനോടുമായിരുന്നു. ചെലവു ചുരുക്കല്‍  സന്ദേശം  ആയിരിക്കും ഇത്തവണത്തെ ഊന്നല്‍. അതിന് എകെജിയെ കൂട്ടുപിടിക്കുമെന്നും ഉറപ്പ്.

 

2017 ബജറ്റിലെ പ്രധാന പദ്ധതികള്‍

 • ഓട്ടിസം പാര്‍ക്ക്
 • എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് 10 കോടി
 •  ജീവനക്കാര്‍ക്ക് ആരോഗ്യഇന്‍ഷുറന്‍സ്
 • 44 കോടി ചെലവില്‍ ജൈവസംരക്ഷണഭിത്തി
 • കശുവണ്ടിമേഖലയില്‍  തൊഴില്‍സുരക്ഷ
 • ആലപ്പുഴ ഹെറിട്ടേജ് പ്രൊജക്ട് 10 കോടി
 • രണ്ട് ഹെറിട്ടേജ് മ്യൂസിയം പൂര്‍ത്തീകരണം
 • വ്യവസായ പുനരുദ്ധാരണം 270 കോടി
 • സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ട്രസ്റ്റ്
 • 100 കോടി ചെലവില്‍ കമ്പോള നവീകരണം
 • 52 ഗവ.കോളജുകള്‍ നവീകരിക്കാന്‍ 350 കോടി
 • മാര്‍ച്ച് 31നകം എല്ലാ വീട്ടിലും വൈദ്യുതി
 • നദികളെ  ജലസംഭരണിയാക്കി വൈദ്യുതി 
 • ട്രാന്‍സ് ഗ്രിഡ് 2 പദ്ധതി
 • ഒമ്പത് റെയില്‍ലൈന്‍ നിര്‍മാണം
 • വയനാട്ടില്‍ മരവല്‍ക്കരണം പദ്ധതി 
 • രജിസ്‌ട്രേഷന്‍ ഡിജിറ്റലൈസേഷന്‍
 • പുതിയ എംഎല്‍എ ഫ്‌ളാറ്റ് നിര്‍മാണം
 • സ്‌കൂള്‍ വിദ്യാഭ്യാസ പോഷണം 863 കോടി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.