തരികിട കിഫ്ബിയും പൊട്ടിയ ചിട്ടിയും

Wednesday 31 January 2018 2:39 am IST
വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള മാന്ത്രിക വടിയായിരുന്നു കിഫ്ബി. 2016-17 ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തിലാണ് കിഫ്ബിക്ക് രൂപം നല്‍കുന്നതിനുള്ള നയം പ്രഖ്യാപിച്ചത്. 20000 കോടിയുടെ പ്രോജക്ടുകളും പ്രഖ്യാപിച്ചു. നയാ പൈസ സമാഹരിക്കാന്‍ സര്‍ക്കാരിനായില്ല.

കിഫ്ബി തരികിടയാണെന്നു പറഞ്ഞത് മന്ത്രി ജി. സുധാകരനാണ്. ധനമന്ത്രി ഡോ. തോമസ് ഐസക്ക് മഹാസംഭവമായി കിഫ്ബിയെ  ബജറ്റ് പ്രസംഗത്തില്‍ അവതരിപ്പിച്ചപ്പോളായിരുന്നു സുധാകരന്റെ വിമര്‍ശനം.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് എന്നതിന്റെ ചുരുക്കപ്പേരാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള മാന്ത്രിക വടിയായി അവതരിപ്പിച്ച കിഫ്ബി.  2016-17 ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തിലാണ്  കിഫ്ബിക്ക് രൂപം നല്‍കുന്നതിനുള്ള നയം പ്രഖ്യാപിച്ചത്.  20000 കോടിയുടെ പ്രോജക്ടുകളും പ്രഖ്യാപിച്ചു. നയാ പൈസ സമാഹരിക്കാന്‍ (നബാര്‍ഡ് നല്‍കിയ തുക ഒഴികെ) സര്‍ക്കാരിനായില്ല. എങ്കിലും കഴിഞ്ഞ ബജറ്റിലും  വല്ലാതെ കിഫ്ബിയെ ആശ്രയിച്ചാണ് തോമസ് ഐസക് പദ്ധതികള്‍ പ്രഖ്യാപിച്ചത്്. അഞ്ചുവര്‍ഷത്തിനിടെ അമ്പതിനായിരം മുതല്‍ ഒരുലക്ഷം കോടി വരെ സമാഹരിച്ച് കേരളത്തിന്റെ സ്വപ്‌നപദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമം. 

സ്ഥിരവരുമാനം സര്‍ക്കാര്‍ ഉറപ്പുനല്‍കുന്ന ഒരു കമ്പനി - അതാണ് കിഫ്ബി രൂപീകരണത്തിലേക്ക് നയിച്ചത്. അങ്ങനെ സാമ്പത്തിക സുസ്ഥിരതയുള്ള കമ്പനിയുടെ വിശ്വാസ്യതയില്‍ വന്‍കിട വായ്പകള്‍ വാങ്ങി റോഡ് ഉള്‍പ്പെടെ അടിസ്ഥാന വികസനങ്ങള്‍ നടത്തുക എന്നതാണ് ഉദ്ദേശ്യം. നിക്ഷേപം സ്വീകരിച്ച് നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടി.   ലഭിക്കുന്ന വായ്പ എന്തിനുവേണ്ടി എടുക്കുന്നോ അതത് പദ്ധതികള്‍ക്ക് മാത്രമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കല്‍. അതിന് വിദഗ്ധര്‍  അടങ്ങിയ സ്വതന്ത്ര കമ്മീഷന്‍.  ഓരോ ആറുമാസത്തിലും ഫണ്ട് ചെലവഴിച്ചതിനെക്കുറിച്ചുള്ള  റിപ്പോര്‍ട്ട് പുറത്തിറക്കും. കിഫ്ബിക്ക് വരുമാനം ഉറപ്പാക്കാന്‍ ഓരോ വര്‍ഷവും ആഗസ്റ്റ് അവസാനം മോട്ടോര്‍ വാഹന വകുപ്പ് നികുതിയുടെ 10 ശതമാനം നല്‍കും. അഞ്ചുവര്‍ഷംകൊണ്ട് 10 ശതമാനം വച്ച് നല്‍കി 50 ശതമാനം തുകയാക്കും. പെട്രോളിലെ സെസും കിഫ്ബിക്ക് ലഭിക്കും. ഇതിനായി നിയമ നിര്‍മ്മാണം നടത്തും. ഇത്തരത്തില്‍  ഭാവി വരുമാനമെന്ന ഉറപ്പ് കാട്ടി വലിയ വായ്പ എടുക്കാനാകും. 

കിഫ്ബി പണം സമാഹരിക്കുന്നത് വായ്പയിലൂടെയല്ല, മറിച്ച് ബോണ്ടുകളിലൂടെയാണ്. ബാങ്കുകള്‍ക്കുമാത്രമല്ല, ആര്‍ക്കും ബോണ്ടുകളില്‍ നിക്ഷേപം നടത്താം എന്നിരിക്കെ കിഫ്ബിയിലേക്ക് വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ ഐസക് നെയ്‌തെടുത്തത്. ഇപ്പോഴത്തെ മുതലാളിത്ത വ്യവസ്ഥിതിയില്‍ വായ്പയായി എടുക്കാവുന്ന പണത്തിന്റെ വലിയൊരു ഭാഗം എത്തുന്നത് ബോണ്ട് മാര്‍ക്കറ്റിലാണ്. കോടീശ്വരന്മാര്‍ മുതല്‍ ചെറുകിട ബാങ്കുകള്‍ വരെ പണം നിക്ഷേപിക്കാന്‍ ബോണ്ടുകളെ ആശ്രയിക്കുമ്പോള്‍ ഏതുസമയത്തും നിക്ഷേപിക്കാമെന്നും എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കാമെന്നുമുള്ള വ്യവസ്ഥകളുമായി എത്തുന്ന കിഫ്ബിയുടെ ബോണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍ പലരും തയ്യാറാകുമെന്നാണ് പ്രതീക്ഷ. മോട്ടോര്‍ വാഹന നികുതി, ഇന്ധന സെസ്, പ്രവാസി ചിട്ടി, കടപ്പത്രം ഇറക്കി പണം സ്വരൂപിക്കല്‍, സഹകരണപൊതുമേഖലാ ബാങ്കുകളില്‍നിന്നുള്ള ധനസമാഹരണം തുടങ്ങി കിഫ്ബിയിലേക്കു പണം കണ്ടെത്താനുള്ള സ്വപ്‌നവഴികള്‍ പലതും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതൊന്നും കൃത്യമായി പ്രാവര്‍ത്തികമായിട്ടില്ല. വന്‍കിട നിക്ഷേപകര്‍ക്ക് അത് ആകര്‍ഷകമായി തോന്നിയില്ല. പിണറായി സര്‍ക്കാറിനെ വിശ്വാസത്തിലെടുത്ത് പണമിറക്കാന്‍  ആരും തയ്യാറായില്ല. അതുതന്നെയാണ് കിഫ്ബിയുടെ പരാജയവും. 

കിഫ്ബിയുടെ പരാജയം മറയ്ക്കാനാണ് പ്രവാസി ചിട്ടിയുമായി തോമസ് ഐസക്ക് വന്നത്. പ്രവാസി മലയാളികളില്‍ മാത്രം കണ്ണുവച്ചു സര്‍ക്കാരിന്റെ ചിട്ടിക്കമ്പനിയായ കെഎസ്എഫ്ഇ വഴി മൂന്നുവര്‍ഷത്തിനുള്ളില്‍ കേരള വികസനത്തിനായി 20000 കോടി സമാഹരിക്കുക. മലയാളിക്കു ലോകത്തെവിടെയിരുന്നും സ്വന്തം പേരില്‍ ചിട്ടിയില്‍ ചേരാം. ഓണ്‍ലൈനായി പണമടയ്ക്കാം. ചിട്ടി വിളിക്കാം. നാട്ടിലുള്ള വസ്തു അടക്കം സ്വീകാര്യമായ ഏതു ജാമ്യവും നല്‍കി ഇന്ത്യന്‍ രൂപയില്‍ പണം പിന്‍വലിക്കാം. ലേലം ചെയ്ത സംഖ്യ സുരക്ഷിതമായി നിക്ഷേപിച്ച് ആദായം നേടാം. ഇതെല്ലാം ഓണ്‍ലൈനായി നടത്താവുന്ന സംവിധാനമാണ് പ്രവാസി ചിട്ടിയിലൂടെ അവതരിപ്പിക്കുന്നത്. തോമസ് ഐസക്കിന്റെ ഈ ബുദ്ധി കുറേക്കൂടി പ്രായോഗികമാണെന്ന് വിലയിരുത്തപ്പെട്ടു. ഒന്നാമതു കേരളത്തോടു താല്‍പര്യമുള്ള വിദേശ മലയാളികളെയാണു ലക്ഷ്യം വയ്ക്കുന്നത്. രണ്ടാമതു കെഎസ്എഫ്ഇ വഴി ഈ പണം കിഫ്ബിയിലെത്തുമ്പോള്‍ നിക്ഷേപിക്കുന്ന പണത്തിനു സര്‍ക്കാര്‍ ബോണ്ട് നല്‍കുന്നു. നിക്ഷേപകര്‍ക്കു പണത്തിനു ബാങ്ക് നിക്ഷേപം പോലെ മുതലിനും പലിശയ്ക്കും ഗാരന്റി ലഭിക്കുന്നു എന്നര്‍ഥം.  സര്‍ക്കാരിനോടുള്ള അവിശ്വാസം ചിട്ടിയില്‍ ചേരുന്നതിനു വിലങ്ങു തടിയായി. ലോക കേരള സഭ സംഘടിപ്പച്ചതുതന്നെ പ്രവാസികളെ ചിട്ടിയില്‍ ചേര്‍ക്കാനാണ് എന്ന ആക്ഷേപത്തില്‍ കഴമ്പില്ല എന്നു പറയാറായിട്ടില്ല.

പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും പണം വരുന്നില്ല. പഴയതുപോലെ കേന്ദ്രത്തെ കുറ്റപ്പെടുത്താനും കഴിയുന്നില്ല. തോന്നിയതുപോലെ പണം കൈകാര്യം ചെയ്യാന്‍ കിട്ടുന്നില്ല. അതിനു തേടിയ മറ്റൊരു വഴിയാണ് കേരള ബാങ്ക്. കേരള സഹകരണ ബാങ്കെന്ന പേരില്‍ എല്ലാ അധുനിക ബാങ്കിങ് സംവിധാനങ്ങളുമുള്ള പുതിയ ബാങ്ക് രൂപീകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സുശക്തമായ സാമ്പത്തിക അടിത്തറയാണ്  കേരളബാങ്കിനായി വിഭാവനം ചെയ്തത്. 

കേരള ബാങ്ക് അനുവദിക്കില്ലന്ന് പ്രതിപക്ഷവും പറയുന്നു. ബാങ്ക് തുടങ്ങണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി അനിവാര്യമാണ്. പുതിയ ബാങ്കിങ് ലൈസന്‍സ് ലഭിക്കാന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിട്ടില്ല. സംസ്ഥാന- ജില്ലാസഹകരണ ബാങ്കുകളുടെ ലയനത്തിന് മാത്രമാണ്  അനുമതി തേടിയിരിക്കുന്നത്. സംസ്ഥാനസഹകരണ ബാങ്കിനെയും 14 ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്നാണ്  അപേക്ഷ. അപേക്ഷ റിസര്‍വ് ബാങ്ക്, നബാര്‍ഡ് എന്നിവയുടെ പരിഗണനയിലാണ്.   ലയനത്തിന് അനുവദിച്ചാല്‍ത്തന്നെ  സംസ്ഥാന സഹകരണ ബാങ്കിന്റെ ലൈസന്‍സിലാകും കേരളബാങ്കിന്റെ പ്രവര്‍ത്തനം. നിലവില്‍ സംസ്ഥാനസഹകരണ ബാങ്കിന് ആധുനിക ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല. അതിനാല്‍ കേരള ബാങ്കിനും ആധുനിക സേവനങ്ങള്‍ നല്‍കാനാകില്ല. ഇത്് മറച്ചുവെച്ച് പുതിയ ബാങ്ക് വരുന്നു എന്ന പ്രചാരണം ജനങ്ങളെ കബളിപ്പിക്കല്‍ മാത്രമാണ്. ഇത്തരം കബളിപ്പിക്കലുകള്‍ക്ക് പഴയതുപോലെ ജനം വഴങ്ങുന്നില്ല എന്നതാണ് കിഫ്ബിയും ചിട്ടിയും ബാങ്കും ഒക്കെ നല്‍കുന്ന പാഠം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.